മാനനഷ്ടക്കേസില്‍ നടപടി വൈകൽ: ഇ.പി. ജയരാജന്റെ ഹര്‍ജി മാറ്റി
Wednesday, December 4, 2024 1:50 AM IST
കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരേയുള്ള മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന് നല്കിയ ഹര്‍ജി ഹൈക്കോടതി 11ന് പരിഗണിക്കാന്‍ മാറ്റി.
എത്രയും വേഗം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയാണ് ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്.
ബിജെപിയില്‍ ചേരാന്‍ ജയരാജന് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാറുമായി ദില്ലിയിലെ ഹോട്ടലില്‍ തന്നെ കണ്ട് ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചുവെന്നും പിന്നീട് പിന്മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രസ്താവന.
ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് ജയരാജന് ജൂണ്‍ 15ന് കണ്ണൂര്‍ കോടതിയില്‍ ഹര്‍ജി നല്കി. ജൂലൈ 25ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ കേസ് ഡിസംബറിലേക്ക് മാറ്റി.