നീലപ്പെട്ടി വിവാദം: വാദത്തിലുറച്ച് സിപിഎം
Wednesday, December 4, 2024 1:51 AM IST
പാലക്കാട്: നീലട്രോളി വിവാദത്തിൽ സിപിഎം പറഞ്ഞ വാദങ്ങളിൽ തെറ്റില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു.
കള്ളപ്പണം വന്നതായി സംശയിക്കുന്നു എന്നാണു സിപിഎം പറഞ്ഞത്. ഹോട്ടലിൽ എന്തിനു ഫെനി വന്നു എന്നതാണു ചോദ്യം. കോണ്ഗ്രസ് നേതാക്കളുള്ള മുറിയിലേക്ക് എന്തിനു പെട്ടി കൊണ്ടുവന്നു എന്ന ചോദ്യവും സുരേഷ്ബാബു ആവർത്തിച്ചു.
പോലീസ് കുറുവസംഘത്തെ ചോദ്യംചെയ്യുന്നതുപോലെ കോണ്ഗ്രസ് നേതാക്കളെ ചോദ്യംചെയ്താൽ കള്ളപ്പണം വന്ന വിവരം പുറത്തുവരും. പോലീസിന് ഇതിനു പരിമിതിയുണ്ടാകും.
സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ്. രണ്ടു പെട്ടി എത്തി എന്നു സിസിടിവി ദൃശ്യങ്ങളിലും വ്യക്തമായി. സിനിമകളെ വെല്ലുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയത്.
എന്തിനാണ് പരിശോധന നടന്ന ദിവസം രാത്രി താൻ കോഴിക്കോട് ആണെന്നു രാഹുൽ വിളിച്ചുകൂവിയതെന്നു സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചു. വനിതാനേതാക്കളുടെ മുറിയിൽ പോലീസ് റെയ്ഡ് നടത്തിയതിന്റെ വികാരം പ്രകടിപ്പിക്കേണ്ടതു മണിക്കൂറുകൾ കഴിഞ്ഞിട്ടല്ലല്ലോ.
പണം ഒളിപ്പിക്കാനുള്ള സമയം കിട്ടിയതാണ് കോണ്ഗ്രസ് കൃത്യമായി ഉപയോഗിച്ചതെന്നും അതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു പറഞ്ഞു.
കള്ളപ്പണം ഉപയോഗിച്ചാണു ബിജെപിയുടെയും എസ്ഡിപിഐ പോലുള്ള സംഘടനകളുടെയും വോട്ടുകൾ കോൺഗ്രസ് സമാഹരിച്ചതെന്നും ഇത്ര വലിയ ഭൂരിപക്ഷം ഒപ്പിച്ചത് അങ്ങനെയാണെന്നും ജില്ലാ സെക്രട്ടറി ആരോപിച്ചു.