മുനമ്പം; വേഗം പരിഹാരമുണ്ടാകണം: പ്രതിപക്ഷ നേതാവ്
Tuesday, December 3, 2024 1:49 AM IST
മുനന്പം: മുനന്പത്തെ ജനങ്ങളുടെ ഭൂമിയുടെ റവന്യു അവകാശങ്ങൾ സംബന്ധിച്ച പ്രശ്നം മനഃപൂര്‍വം നീട്ടിക്കൊണ്ടുപോയി ഭിന്നിപ്പുണ്ടാക്കാനാണു സർക്കാരിന്റെ ശ്രമമെങ്കില്‍ അതിനെ യുഡിഎഫ് ചെറുത്തു തോല്‍പ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുമുള്ള സമരവും പ്രചാരണവും യുഡിഎഫും കോണ്‍ഗ്രസും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ എംപിമാർക്കും എംഎൽഎമാർക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പമെത്തി മുനന്പത്തെ സമരപ്പന്തലിൽ പിന്തുണയറിയിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രശ്നത്തെ വര്‍ഗീയവത്കരിച്ച് രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനുള്ള ഹീനശ്രമമാണു ചിലര്‍ നടത്തുന്നത്. അതിനെ കേരളം ഒറ്റക്കെട്ടായി നേരിടും. മുനമ്പത്തേത് പത്തു മിനിറ്റുകൊണ്ടു തീര്‍ക്കാവുന്ന പ്രശ്നമാണ്. കമ്മീഷനില്‍നിന്ന് എത്രയും വേഗം റിപ്പോര്‍ട്ട് വാങ്ങി പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക ഉത്തരവിറക്കി കര്‍ഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ച മാതൃകയില്‍ കേരള സര്‍ക്കാരിനും മുനന്പം പ്രശ്നം പരിഹരിക്കാനാകും. സമര സമിതിയുമായി സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കിയപ്പോഴാണ് ഉന്നതതല യോഗം വിളിക്കാന്‍ പോലും സര്‍ക്കാര്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ഗുണം കിട്ടിക്കോട്ടെയെന്നു കരുതിയാണു പ്രശ്നപരിഹാരത്തിന് ശ്രമിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയത്. ക്രൈസ്തവ, മുസ്ലിം, ഹൈന്ദവ സംഘടനകളൊക്കെ മുനന്പം ജനതയ്ക്കൊപ്പമാണ്. മുനമ്പത്തെ ഭൂമി പ്രശ്നവും ഇപ്പോഴത്തെ വഖഫ് ബില്ലും തമ്മില്‍ ഒരു ബന്ധവുമില്ല. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, ഉമ തോമസ് , മാത്യു കുഴൽനാടൻ തുടങ്ങിയവർ പങ്കെടുത്തു.