വൈദ്യുതിനിരക്ക് വർധന ഈയാഴ്ചയുണ്ടായേക്കും
Tuesday, December 3, 2024 2:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധന ഈ ആഴ്ച ഉണ്ടായേക്കും. വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതു സംബന്ധിച്ച് കെഎസ്ഇബി നൽകിയ പെറ്റീഷനിൽ പൊതു തെളിവെടുപ്പ് അടക്കമുള്ള എല്ലാ നടപടികളും ഒക്ടോബർ അവസാനത്തോടെ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്ന് വർധന മാറ്റിവയ്ക്കുകയായിരുന്നു.
നവംബർ 30ന് നിലവിലെ താരിഫിന്റെ കാലാവധി അവസാനിച്ചതിനാൽ നിരക്ക് വർധിപ്പിച്ച് പുതിയ താരിഫ് ഉടൻ പ്രഖ്യാപിച്ചേക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നാളെ കെഎസ്ഇബി അധികൃതരുമായും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയേക്കും. തുടർന്ന് വൈദ്യുതി നിരക്ക് വർധിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് വിവരം.