നവീൻ ബാബുവിന്റെ മരണം : കുടുംബത്തിന്റെ ഹർജിയിൽ കളക്ടർക്കും പ്രശാന്തിനും നോട്ടീസ്
Wednesday, December 4, 2024 1:50 AM IST
കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ ഹർജിയിൽ മുഖ്യസാക്ഷിയായ കണ്ണൂര്‍ കളക്ടര്‍ അരുൺ കെ. വിജയനും പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷ നല്കിയ ടി.വി. പ്രശാന്തിനും നോട്ടീസ് നല്കാൻ ഉത്തരവ്.
കണ്ണൂര്‍ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) മുഹമ്മദലി ഷെഹഷാദാണ് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. കേസ് ഡിസംബര്‍ പത്തിനു വീണ്ടും പരിഗണിക്കും.
കേസിൽ പ്രതികളെല്ലാത്തവരുടെ മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതു സ്വകാര്യതയുടെ ലംഘനമാകില്ലേയെന്നു കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാ ട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഇരുവരുടെയും അഭിപ്രായം അറിയിക്കാനാണു നോട്ടീസ്.
ആത്മ ഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, അപേക്ഷകൻ ടി.വി.പ്രശാന്ത് എന്നിവരുടെ ഫോൺ കോൾ വിവരങ്ങൾ, ടവർ ലോക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ, സംഭവം നടന്ന ദിവസത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കാൻ കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയുടെ ഹർജി.
ജില്ലാ കളക്ടറേറ്റിലേയും നവീൻ ബാബു താമസിച്ച സ്ഥലത്തെയും റെയിൽവേ സ്റ്റേഷനിലെയും വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
വേണ്ട തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ അന്നുള്ള മറുപടി. ഫോൺ നമ്പറുകൾ വ്യക്തമല്ലാത്തതും അപൂർണവുമെന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു.