തീർഥാടകർക്കു മുന്നറിയിപ്പ്; ട്രെയിനിൽ കർപ്പൂരം കത്തിച്ചാൽ നടപടി
Tuesday, December 3, 2024 1:49 AM IST
കൊല്ലം: ശബരിമല തീർഥാടകർ ട്രെയിനുകളിൽ കർപ്പൂരം കത്തിച്ച് പൂജ നടത്തുന്നത് വിലക്കി റെയിൽവേ. ഇത് ലംഘിച്ചാൽ ആയിരം രൂപ പിഴയോ മൂന്ന് വർഷം തടവോ ആയിരിക്കും ശിക്ഷ എന്നും ദക്ഷിണ റെയിൽവേ അധികൃതരുടെ മുന്നറിയിപ്പിൽ പറയുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരുന്ന തീർഥാടകർ തീവണ്ടികളിൽ കർപ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
ഇതര യാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ട്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും തീ കൊളുത്തിയുള്ള പൂജകൾ നേരത്തേതന്നെ നിരോധിച്ചിട്ടുണ്ട്.
ചില ആൾക്കാർ സംഘം ചേർന്ന് പ്ലാറ്റ്ഫോമുകളിൽ ആഹാരം പാകം ചെയ്യുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. ഇതും അനുവദിക്കില്ലന്ന് അറിയിപ്പിൽ പറയുന്നു.