1000 ബൈക്കേഴ്സ് വേൾഡ് റിക്കാർഡിലേക്ക്
Wednesday, December 4, 2024 1:50 AM IST
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റിക്കാർഡ്.
ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആൻഡ് എന്റർടെയ്ൻമെന്റ് പാർക്കുകളിലൊന്നായ വയനാട് മേപ്പാടിയിലെ ബോചെ 1000 ഏക്കറിൽനിന്നു ഗുണ്ടൽപേട്ടിലേക്ക് റൈഡ് നടത്തിയത്.
വയനാട് ടൂറിസത്തിന് പുത്തൻ ഉണർവേകാൻ റോയൽ എൻഫീൽഡ് ഹിമാലയൻ ക്ലബ്ബും പെഡ്ലോക്ക് മോട്ടോർ സ്പോർട്ടും ചേർന്ന് "സെർവോ യൂത്ത്ഫുൾ വയനാട് 1000 റൈഡേഴ്സ് ടു ബോചെ 1000 ഏക്കർ’ എന്ന പേരിൽ നടത്തിയ ഈ യാത്രയാണ് കലാം വേൾഡ് റിക്കാർഡിൽ ഇടം നേടിയത്.
രാവിലെ ഒന്പതിന് ആരംഭിച്ച ബൈക്ക് റാലിയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രമുഖ ബൈക്ക് റൈഡർമാർ പങ്കെടുത്തു. റാലി ബോചെ ഫ്ളാഗ് ഓഫ് ചെയ്തു. 1000 റൈഡർമാർ ഒരുമിച്ച് 80 കിലോമീറ്റർ പിന്നിട്ട് ഉച്ചയ്ക്ക് 12 ഓടെ ഗുണ്ടൽപേട്ടിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന ചടങ്ങിൽ റൈഡർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ റൈഡിൽ പങ്കെടുത്തവരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലിക്ക് 10 ലക്ഷം രൂപ വിലവരുന്ന സൂപ്പർബൈക്ക് സമ്മാനമായി നൽകും.
യുവാക്കളുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ഈ പരിപാടി കൂടുതൽ സഞ്ചാരികളെ വയനാട്ടിലേക്ക് തീർച്ചയായും ആകർഷിക്കുമെന്ന് ബോചെ അഭിപ്രായപ്പെട്ടു.
റൈഡിനോടനുബന്ധിച്ച് നവംബർ 30ന് ബോചെ 1000 ഏക്കറിൽ അഡ്വഞ്ചർ ഓഫ് റോഡ് റൈഡുകൾ, ആർസി മോട്ടോർ ഷോ, ട്രഷർ ഹണ്ട്, സ്റ്റേജ് പ്രോഗ്രാമുകൾ, ലൈവ് ഡിജെ, യോഗ, സുംബാ, ജംഗിൾ സഫാരി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറിയിരുന്നു.
ഇതോടൊപ്പം കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ വേൾഡ് റിക്കാർഡിന് വേണ്ടി ബൈക്കുകൾ കൊണ്ട് "ബോചെ’ എന്ന അക്ഷരങ്ങൾക്ക് രൂപം കൊടുത്തുകൊണ്ടുള്ള ബൈക്കോഗ്രാഫിയും നടന്നു.