പെന്ഷന് കൈയിട്ടുവാരിയവരെ പിരിച്ചുവിടണം: ജോസ് കെ. മാണി
Wednesday, December 4, 2024 1:50 AM IST
കോട്ടയം. സാമൂഹ്യസുരക്ഷാ പെന്ഷന് അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ കേരളം മാതൃകാപരമായി നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പെന്ഷന് 1458 പേര് അനര്‍ഹമായി കൈപ്പറ്റുന്നു എന്നാണ് ധനകാര്യവകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
പ്രതിമാസം ഒരു ലക്ഷമോ അതിന് മുകളിലോ ശമ്പളം വാങ്ങുന്ന കോളേജ് അധ്യാപകര്‍, ഹയര്‍സെക്കൻഡറി അധ്യാപകര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ഈ കൈയിട്ടു വാരല്‍ നടത്തിയത് എന്നത് ലജ്ജാകരമാണ്.
സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം കുറ്റമറ്റതാക്കാന്‍ സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പെടെയുള്ള സാധ്യമായ എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.