വിലങ്ങാടിനെ മറക്കാതരിക്കാം
Wednesday, December 4, 2024 1:50 AM IST
ഇ. അനീഷ്
കോഴിക്കോട്: “ആ പാറ കണ്ടോ...അതിങ്ങനെയൊന്നും ആയിരുന്നില്ല...ഒരു കുന്നോളം വലിപ്പമുണ്ടായിരുന്നു അതിന്, മലമുകളില്‍നിന്ന് ഒലിച്ചെത്തിയിട്ട് നാലുമാസം കഴിഞ്ഞു, അതിപ്പോഴും അങ്ങനെതന്നെ നില്ക്കുന്നു.
ഉള്ള ഉറക്കംകൂടി കളയാന്‍ വേണ്ടി മാത്രം’’- ഉരുള്‍ ഒഴുകിയ വഴിയില്‍ ജീവിതവഴി അടഞ്ഞ വിലങ്ങാട് മഞ്ഞച്ചീളിയിലെ ദുരിത ബാധിതരുടെ മനസില്‍നിന്നു വരുന്ന വാക്കുകളാണിത്. ഉരുള്‍പൊട്ടിയ, ഉഴുതമറിയപ്പെട്ട സ്ഥലങ്ങള്‍ നാലു മാസമായിട്ടും അങ്ങനെതന്നെ നില്ക്കുന്നു. ഒഴുകി വന്ന പാറക്കൂട്ടങ്ങളേക്കാള് കടുപ്പമാണു സര്‍ക്കാരിന്റെ അവഗണനയ്ക്കെന്നു വിലങ്ങാട് എത്തുന്നവര്‍ക്കു ബോധ്യപ്പെടാന്‍ അധികം കാഴ്ചകള്‍ വേണ്ട...
അതെ, നാലുമാസമായി ... കൃത്യമായി പറഞ്ഞാല്‍ 127 ദിവസം... വിലങ്ങാട്ടുകാരെ മറന്ന നിലയിലാണ് അധികൃതര്‍. പറഞ്ഞ വാക്കുകളും കേട്ടുപഴകിയ സാങ്കേതികത്വവും ഉരുള്‍പൊട്ടിയ ഇവരുടെ ജീവിതവഴികളെ സാന്ത്വനിപ്പിക്കാനുതകുന്നതല്ല. ഓരോ ദിനം കഴിയുന്തോറും വിങ്ങിപ്പൊട്ടുകയാണ് അവരുടെ ഹൃദയം.
ഉദ്യോഗസ്ഥര്‍ വന്നു, ജന പ്രതിനിധികള്‍ വന്നു, പക്ഷേ കാര്യങ്ങള്‍ മാത്രം മാറിയില്ല. ഒത്തൊരുമിച്ച് കഴിഞ്ഞിരുന്നവര്‍ പലവഴിക്കായി. ഇടയ്ക്കുവരുന്ന ഉരുള്‍പൊട്ടിയ സ്ഥലം കാണാനെത്തുന്ന ‘ടൂറിസ്റ്റുകള്‍’ മാത്രമാണ് ഉരുള്‍പൊട്ടലിന്റെ ഉദ്ഭവ കേന്ദ്രമായ ഇവിടെ എത്തുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ അവശേഷിക്കുന്നവരിലും തീകോരിയിടുകയാണ്. മഞ്ഞച്ചീളിക്കു മുകളില്‍ ഒരു സ്ഥലമുണ്ട്-അടിച്ചിപ്പാറ. കഷ്ടിച്ച് ജീപ്പ് കയറി പോകാന്‍ കഴിയുന്ന ഒരിടം. അവിടെ ഏക്കറുകണക്കിനു കൃഷിയാണ് ഉരുള്‍ എടുത്തത്. ഇവിടെയുണ്ടായ കണക്കെടുക്കാന്‍ ഡ്രോണ്‍ പരിശോധന പോരാ. കാരണം കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും കണക്ക് അതില്‍ പതിയില്ലല്ലോ?...
ഒലിച്ചുപോയത് ഒമ്പത് കടകള്‍
ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് ഒമ്പത് കടകളാണ്. 28 കടകളില്‍ വള്ളം, കയറി. ഇതില്‍ ആറു പേര്‍ക്ക് 18,000 രൂപ വീതം കിട്ടി. ഒരാള്‍ക്ക് ഒമ്പതിനായിരമാണു ലഭിച്ചത്. ഒരു വ്യാപാരികുടുംബത്തിലെ രണ്ടു പേര്‍ക്ക് എന്ന രീതിയിലായിരുന്നു ഒമ്പതിനായിരം രൂപ വീതമുള്ള സഹായം. ഈ സഹായം നാലു വ്യാപാരികള്‍ക്കു ലഭിച്ചിട്ടുമില്ല.
വ്യാപാരി വ്യവസായി എകോപനസമിതി 30 ലക്ഷം രൂപയാണു കടകള്‍ നവീകരിക്കുന്നതിനും കടപൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്കു കടകള്‍ നിര്‍മിക്കുന്നതിനുമായി നല്‍കിയത്. വിലങ്ങാട് അങ്ങാടിയില്‍ പുഴയോരത്ത് ഒരു ചിക്കന്‍ കടയുണ്ടായിരുന്നു. വിജയകുമാര്‍ എന്നയാളുടേതായിരുന്നു ആ കട.
അദ്ദേഹത്തിന്റെ ഭാര്യ ലതയുടെ തുന്നല്‍ കട തൊട്ടടുത്തും. മലവെള്ളപ്പാച്ചിലില്‍ ചിക്കന്‍ സ്റ്റാള്‍ ഭാഗികമായും തുന്നല്‍ കട പൂര്‍ണമായും ഒലിച്ചുപോയി. ഇതിനു സമീപത്തുള്ള വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന 16 ബൈക്കുകളില്‍ ആറെണ്ണം ഇനിയും കണ്ടെത്താനുണ്ട്. ഇതാണ് അങ്ങാടിയില്‍ ഉരുള്‍ തീര്‍ത്ത ദുരിതത്തിന്റെ ആകെ തുക.
വാടക നിരസിക്കാന്‍ മത്സരം
451 പേരാണ് കിടപ്പാടം വിട്ടൊഴിയേണ്ടിവന്നത്. ഇതില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന്റെ ആദ്യ ഗഡുവായ 5,000 എല്ലാവര്ക്കും കിട്ടി. എന്നാല്‍ രണ്ടാം ഗഡു പകുതിയോളം പേര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. സര്‍ക്കാരിന്റെ കൈല്‍ പണമില്ലെന്നാണ് അറിയിച്ചതെന്നാണു ഗുണഭോക്താക്കള്‍ പറയുന്നത്.
വാടക ലഭിക്കുന്നതിന് 91 അപേക്ഷകളാണു വിലങ്ങാട് വില്ലേജ് ഓഫീസില്‍ എത്തിയത്. ഇതില്‍ 61 അപേക്ഷകളില്‍ തീരുമാനമായിട്ടില്ല. മൂന്നുമാസത്തെ വാടകയാണു സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞത്. എന്നാല്‍, ഒരുമാസത്തെ വാടകമാത്രമാണു നല്‍കിയത്. സര്‍ക്കാര്‍ തലത്തില്‍ ഇതിനു മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ചര്‍ച്ചകളില്‍ വയനാട് ദുരന്തം നിറയുമ്പോള്‍ തങ്ങളുടെ അവസ്ഥ എന്തെന്ന് അറിയാത്ത സ്ഥിതിയിലാണു പലരും. വാടകവീട്ടിലേക്കു തിരിഞ്ഞുനോക്കാത്ത ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ വരും. ദുരിതബാധിതര്‍ സ്വന്തം വീട്ടിലേക്ക് മാറിയോ എന്നറിയാന്‍. അത്രയെങ്കിലും വാടക കുറച്ചുനല്കിയാല് മതിയല്ലോ എന്ന മനസുമായിട്ടാണ് ഈ വരവെന്നു ദുരിതബാധിതര്‍ പറയുന്നു.
കൃഷി ഒലിച്ചുപോയ അടിച്ചിപ്പാറ
എക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോകുക... എന്തിന് തങ്ങള്‍ നട്ടുവളര്‍ത്തിയുണ്ടാക്കിയ കൃഷിയിടത്തിലേക്ക് ഒന്നുപോകാന് പോലും കഴിയാത്ത അവസ്ഥയുണ്ടാകുക... അത്തരമൊരു അനുഭവത്തിലൂടെയാണ് അടിച്ചിപ്പാറയിലെ ഒരു കൂട്ടം കൃഷിക്കാര്‍ കടന്നുപോകുന്നത്. വര്‍ഷങ്ങളായി ഭൂമിയില്‍ പൊന്നുവിളയിക്കുന്നവര്, ആ കഷ്ടപ്പാടിനു മുകളിലാണ് പാറക്കൂട്ടങ്ങള്‍ വന്നുപതിച്ചത്.
ഇനി കൃഷിയിടം എന്നൊന്നില്ല, പാറക്കൂട്ടങ്ങളും ജീര്‍ണിച്ച മരത്തടികളും മാത്രമേയുള്ളൂ. മണിമല ജോര്‍ജ്, ലീലാമ്മ മണ്ണാറക്കുന്നേല്, ജോസഫ് പുത്തന്‍പുരയ്ക്കല്‍, ജോര്‍ജ് കല്ലുവയല്ക്കുന്നേല്, കൂലിപറമ്പില്‍ അപ്പച്ചന്, ജോര്‍ജ്, സിബി കണ്ണിത്താഴത്ത്, സന്തോഷ് വള്ളിയില്‍, പി.സി. ആന്റണി പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവരുടെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിച്ചു.
ഉദ്യോഗസ്ഥര്‍ എത്തി സന്ദര്‍ശിച്ചു മടങ്ങിയതല്ലാതെ ഒന്നും നടന്നില്ല. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചിട്ടില്ല. ഇനി ഇവിടേക്കു വൈദ്യുതി എത്തുമോ എന്ന കാരവും ഉറപ്പില്ല. കൃഷി ഉള്ളതിനാല്‍ ഇവിടേക്കു സ്ഥിരമായി വന്നുപോകുന്നവരായിരുന്നു പലരും.
ഒന്നുറങ്ങിയിട്ട് നാലു മാസം
സ്വപ്നം നെയ്തുകൂട്ടി നിര്‍മിച്ച വീട്. ഒന്നും ബാക്കിയില്ല, ജീവനല്ലാതെ... കൊടിമരത്ത് മൂട്ടില് ഡൊമിനിക് ജോസഫ് പറയുന്നു. വീടും രണ്ടു ബൈക്കും രണ്ടു കാറുകളും ഒരു ജീപ്പും മലവെള്ളം കൊണ്ടുപോയി. നാലു മാസമായി നേരാംവണ്ണം ഉറങ്ങിയിട്ട്.
ഡൊമിനിക് പറയുമ്പോള്‍ കണ്ണുനിറയുന്നു. മകന് വന്ന് വിളിച്ചില്ലായിരുന്നുവെങ്കില്‍ ഡൊമിനിക്കും ഭാര്യയും കൊച്ചുമക്കളും മലവെള്ളപ്പാച്ചിലില്‍ പെട്ടുപോയേനെ. കല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദം ഇപ്പോഴും ആ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഭാര്യയെയും കൊച്ചുമക്കളെയും വിളിച്ചുണര്‍ത്തി അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുമ്പോഴേക്കു വീടും വാഹനങ്ങളും നിരപ്പായി കഴിഞ്ഞിരുന്നു. പൂര്‍ണമായും തകര്‍ന്നുപോയ ഫോക്സ് വാഗണ്‍ കാര്‍ അവിടെത്തന്നെയുണ്ട്.
വാഗണര്‍ കാര്‍ കാണാനേയില്ല... ബൈക്കുകളിലൊന്ന് തകര്‍ന്ന് നാമാവശേഷമായ വീടിനു മുന്നില്‍ കിടക്കുന്നു. മറ്റൊരു ബൈക്ക് മലവെള്ളെം കൊണ്ടുപോയി... ഡൊമിനിക്കിന്റെ ദുരിതക്കണക്ക് തീരുന്നില്ല. 351 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ മലവെള്ളത്തില്‍ പ്രതീക്ഷകളെല്ലാം അടിയൊലിച്ചുപോയി.
തകര്‍ന്ന ജീപ്പിലൊന്നു നാട്ടുകാര്‍ സഹായിച്ചതിനെത്തുടര്‍ന്ന് ഓടിക്കാവുന്ന തരത്തിലാക്കി. മകന്റെ നശിച്ച പാസ്പോര്‍ട്ട് പോലും പണമടച്ചാണു ശരിയാക്കിയത്. ഇതെല്ലാം പണം വാങ്ങാതെ ശരിയാക്കിത്തരുമെന്നായിരുന്നു വാഗ്ദാനം... സര്‍ക്കാര്‍ അലംഭാവത്തിന് ഇതില്പരം ഉദാഹരണം എന്തു വേണം... മഞ്ഞക്കുന്ന് ദേവാലയത്തിലെ കൈക്കാരനാണ് ഡൊമിനിക്.
മാറിപ്പോയത് 451 പേര്, എങ്ങനെ അതിജീവിക്കുമെന്ന് വ്യാപാരികള്‍
വിലങ്ങാട് അങ്ങാടി എന്താ ഇങ്ങനെ, മാസങ്ങള്‍ക്കു മുന്‍പ് വിലങ്ങാടെത്തിയിരുന്നവര് ഇപ്പോഴത്തെ അവസ്ഥകണ്ട് മൂക്കത്തു വിരല്‍ വയ്ക്കുകയാണ്.
നൂറോളം കടകളുണ്ടായിരുന്ന ഇവിടെ 51 കടകള്‍ ഉരുളിന്റ ദുരിതമനുഭവിച്ചു. നാട്ടുകാരെല്ലാം സ്ഥലമൊഴിഞ്ഞു വാടകവീടുകളിലാണ്.
പരിചയക്കാരായിരുന്നു കടകളിലെ പ്രധാന കസ്റ്റമേഴ്സ്... ഇപ്പോള്‍ കച്ചവടം കുത്തനെ കുറഞ്ഞു. ഉരുള്‍പൊട്ടലിനുശേഷം പരിചയക്കാരില്‍ വലിയൊരു വിഭാഗവും പലയിടത്തുമായി പോയി. ചിലര്‍ ബന്ധുവീടുകളില്‍. മറ്റുള്ളവര്‍ വാടക വീടുകളില്‍. എട്ടു കിലോമീറ്റര്‍ വരെ അകലെ മാറിത്താമസിച്ചവരുണ്ട്...പലരും ഇവിടേക്കു മടങ്ങിവരുമോ എന്നറിയില്ല.
അല്ലെങ്കിലും ഇവിടെ എന്തുണ്ട് അവര്‍ക്ക് സ്വന്തമായി? ഒരു അങ്ങാടിയില്‍നിന്നും പരിസര പ്രദേശങ്ങളില്‍നിന്നും 450 ഓളം പേര് ഒറ്റയടിക്ക് മാറിത്താമസിക്കേണ്ടി വന്നാല്‍ എങ്ങനെ അതിനെ അതിജീവിക്കും... ഉത്തരമില്ലാത്ത ചോദ്യങ്ങളാണു വിലങ്ങാട്ടിലെ വ്യാപാരികള്‍ക്കു മുന്നില്‍.