ആശ്വാസമേകാതെ ‘ആശ്വാസ കിരണം’
Tuesday, December 3, 2024 2:14 AM IST
കോഴിക്കോട്: കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് ‘ആശ്വാസ കിരണം’ പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പെന്ഷന് മുടങ്ങി. 40 മാസമായി തുക വിതരണം ചെയ്യാത്ത ഗ്രാമപഞ്ചായത്തുകളുണ്ട്. പ്രതിമാസം 600 രൂപയാണു കിടപ്പിലായ ഭിന്നശേഷിക്കാരെ പരിചരിക്കുന്നവര്‍ക്ക് പെന്‍ഷനായി ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണു പെന്ഷന് വിതരണം മുടങ്ങിയത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലിരിക്കേയാണ് ‘ആശ്വാസ കിരണം’ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്. മന്ത്രിയായിരുന്ന ഡോ.എം.കെ. മുനീറായിരുന്നു അന്ന് സാമൂഹ്യക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. 525 രൂപയാണ് പെന്‍ഷനായി നല്‍കിയിരുന്നത്. പിന്നീടിത് 600 രൂപയാക്കി. ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷവും തുക വിതരണം ചെയ്തിരുന്നു.
എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്വന്നശേഷമാണു പൂര്‍ണമായും മുടങ്ങിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.
സാമൂഹ്യക്ഷേമ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയാണു തുക വിതരണം ചെയ്യുന്നത്. ചില പഞ്ചായത്തുകളില്‍ 36 മാസവും ചിലയിടത്ത് 40 മാസവും പെന്ഷന് കിട്ടാനുണ്ട്. കേന്ദ്രസര്‍ക്കാരില്‍നിന്നു പെന്ഷന് വിഹിതം കിട്ടാത്തതാണു പ്രതിസന്ധിക്കു കാരണമെന്നാണു തദ്ദേശ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്ത് പതിനായിരക്കണക്കിനു ഭിന്നശേഷിക്കാരായ കിടപ്പുരോഗികളുണ്ട്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരാണു കിടപ്പിലായ ഭിന്നശേഷി വിഭാഗക്കാര്‍. ശാരീരികാവശതകള്‍ കാരണം തീര്‍ത്തും കിടപ്പിലായവരാണ് ഇത്തരം ആളുകള്‍.
സഹായത്തിന് ആളുകള്‍ ഉള്ളത് ഇത്തരക്കാര്‍ക്കു വലിയ ആശ്വാസമാണ്. എന്നാല്‍, പെന്ഷന് കിട്ടായായതോടെ സഹായത്തിന് ആരെയും നിര്‍ത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇവർ.