കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ വീണു മരിച്ചു
Tuesday, December 3, 2024 1:49 AM IST
പൊൻകുന്നം: കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. പൊൻകുന്നം ഒന്നാം മൈൽ സ്വദേശി കുഴികോടിൽ ജിനോ ജോസഫ് (47) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം. ജിനോയുടെ കൂടെയുണ്ടായിരുന്ന സഹായി കട്ടപ്പന സ്വദേശി സനീഷ് (40) നും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
പൊൻകുന്നം അരവിന്ദ ആശുപത്രിക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറുന്നതിനിടെ കിണറിന്റെ കൈവരിയിലെ തൂൺ ഇടിഞ്ഞ് ഇദ്ദേഹത്തോടൊപ്പം താഴേക്കു പതിക്കുകയായിരുന്നു.
കിണറിന്റെ തൂണിൽ കെട്ടിയ കയറുവഴി തിരികെ കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. മണിക്കൂറുകളായി പെയ്ത മഴയിൽ കട്ടകൾ കൊണ്ട് കെട്ടിയ തൂണ് കുതിർന്നിരുന്നത് ഒടിയുവാൻ കാരണമായി. തൂണിന്റെ ഭാഗങ്ങൾ സഹായിയായ സനീഷിന്റെയും ദേഹത്തേക്ക് വീണു.
വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിനോയെ കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് സമീപത്ത് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പ്ലംബിംഗ് ജീവനക്കാരനാണ് ജിനോ.
ഭാര്യ: ലിജി ജിനോ (അധ്യാപിക, പടിയറ പബ്ലിക് സ്കൂൾ മണിമല). മക്കൾ: അന്ന റോസ് (വിദ്യാർഥി, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്) മറിയം, സെറ(വിദ്യാർഥികൾ, പടിയറ പബ്ലിക് സ്കൂൾ, മണിമല).