ശബരിമല പാതയിൽ നിയന്ത്രണം; കാനനപാത അടച്ചു
Tuesday, December 3, 2024 1:49 AM IST
എരുമേലി: മഴ ശക്തമായ സാഹചര്യത്തിൽ ശബരിമല പാതയിലും കാനനപാതയിലും നിയന്ത്രണം തുടരുന്നു. ഇന്നലെ രാവിലെ ഒമ്പതിന് ശേഷം കാനനപാതയിൽ തീർഥാടന യാത്ര തടഞ്ഞിരിക്കുകയാണ്.
ശബരിമല പാതയിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം രാത്രിയിൽ വാഹന ഗതാഗതത്തിന് ഭാഗിക വിലക്കും നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കണമല റൂട്ടിൽ വലിയ വാഹനങ്ങളെ കടത്തിവിടുന്നില്ല. കരിങ്കല്ലുമുഴിയിൽ നിന്നും റാന്നി റൂട്ടിലൂടെ പമ്പയ്ക്ക് സഞ്ചരിക്കാനാണ് നിർദേശം.
രാത്രിയിൽ തീർഥാടക വാഹനങ്ങളെ കണമല വഴി സഞ്ചരിക്കാൻ അനുമതി നൽകിയില്ല. നാട്ടുകാരുടെ വാഹനങ്ങൾ പോലീസ് കടത്തിവിട്ടു. മഴ മൂലം കണമല ഇറക്കത്തിൽ അപകട സാധ്യത കൂടുമെന്നുള്ളത് മുൻനിർത്തിയാണ് നിയന്ത്രണം കർശനമാക്കിയതെന്ന് പോലീസ് അറിയിച്ചു.
എരുമേലിയിൽ നിന്നും കാനനപാത ആരംഭിക്കുന്ന പേരൂർത്തോട് - ഇരുമ്പൂന്നിക്കര റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഇത് നീക്കി. ഈ പാതയിൽ കാനനപാതയുടെ പ്രവേശന ഭാഗമായ കോയിക്കക്കാവ് ചെക്ക് പോസ്റ്റിൽ ഇന്നലെ രാവിലെ ഒമ്പതിന് ശേഷം തീർഥാടകരെ വനപാലകർ കടത്തിവിട്ടില്ല.
മഴ ശക്തമായി പെയ്തതോടെ വെള്ളം ഒഴുകിപ്പോകാതെ പാർക്കിംഗ് ഗ്രൗണ്ടിൽ നിറഞ്ഞതോടെ ചെളിയിൽ നിരവധി വാഹനങ്ങൾ പുതഞ്ഞു.