എംആർഒ ഹബിലേക്ക് ചുവടുവച്ച് കൊച്ചി കപ്പൽശാല
Tuesday, December 3, 2024 1:49 AM IST
കൊച്ചി: വിമാനവാഹിനി കപ്പലുകൾ റീഫിറ്റ് ചെയ്യാനുള്ള കൂടുതൽ സൗകര്യമുൾപ്പെടെ വിപുലമായ സജ്ജീകരണങ്ങളോടെ കൊച്ചി കപ്പൽശാല മെയിന്റനൻസ് റിപ്പയർ ആൻഡ് ഓപ്പറേഷൻസ് (എംആർഒ) ഹബായി ഉയർത്തിയേക്കും.
ഇതിന്റെ ആദ്യ ചുവടുവയ്പെന്ന നിലയിൽ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റ് നടത്തുന്നതിനുള്ള കരാറിൽ കൊച്ചി കപ്പൽശാല ഒപ്പുവച്ചു.
1207.50 കോടി രൂപയുടെ കരാറാണ് ഐഎൻഎസ് വിക്രമാദിത്യയുടെ റീഫിറ്റിനായി പ്രതിരോധ മന്ത്രാലയവുമായി കപ്പൽശാല ഒപ്പുവച്ചിട്ടുള്ളത്. സോവ്യറ്റ് യൂണിയന്റെ നാവികസേനയിൽ 1987ൽ കമ്മീഷൻ ചെയ്ത കീവ് ക്ലാസ് വിമാനവാഹിനിയായ വിക്രമാദിത്യ 1996ൽ ഡീ കമ്മീഷൻ ചെയ്തശേഷം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. പഴയ പേര് ബാകു. നവീകരിച്ചശേഷം 2013ൽ ഐഎൻഎസ് വിക്രമാദിത്യയായി നീറ്റിലിറക്കി.
60 മീറ്റർ ഉയരവും 284 മീറ്റർ നീളവുമുള്ള വിക്രമാദിത്യയിൽ 22 ഡക്കുകളുണ്ട്. അഞ്ചു വർഷത്തിലൊരിക്കലാണു കപ്പലുകൾ റീഫിറ്റ് ചെയ്യുക. വിക്രമാദിത്യയുടെ മൂന്നാമത്തെ റീഫിറ്റാണ് ഇവിടെ നടക്കുക. രാജ്യത്തു വിമാന വാഹിനികൾ റീഫിറ്റ് ചെയ്യാനുള്ള സൗകര്യം കൊച്ചി കപ്പൽശാലയിൽ മാത്രമാണുള്ളത്.