വിവാദ വാട്സാപ്പ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനാവില്ലെന്ന് പോലീസ്
Tuesday, December 3, 2024 1:49 AM IST
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച വിഷയത്തിൽ വ്യവസായ വകുപ്പ് മുൻ ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ്.
ഗ്രൂപ്പിലെ അംഗങ്ങൾ ആരെങ്കിലും പരാതി നൽകിയാൽ മാത്രമെ കേസ് നിലനിൽക്കുകയുള്ളൂവെന്ന് ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് നൽകി. സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമികാന്വേഷണം നടത്തിയത്. പരാതി നൽകിയത് ഗ്രൂപ്പിന് പുറത്തു നിന്നുള്ള ആളായതിനാൽ കേസെടുക്കാൻ നിയമതടസമുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
ഗ്രൂപ്പുകളിൽ പ്രത്യേക തരത്തിലുള്ള പരാമർശങ്ങളൊന്നും ഇല്ല. മാത്രമല്ല, ഗോപാലകൃഷ്ണൻ വിവരങ്ങൾ എല്ലാം നീക്കിയ ശേഷമാണ് ഫോണ് പരിശോധനയ്ക്ക് ഹാജരാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐഎഎസുകാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിലെ ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവമാണ് വിവാദത്തിലായത്. എന്നാൽ, ഫോണ് ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് തന്നെ ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം.