ക്ഷേമപെൻഷനായി കൈപ്പറ്റിയ അരക്കോടി രൂപ തിരിച്ചടച്ചു
Wednesday, December 4, 2024 1:51 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ ഇനത്തിൽ കൈപ്പറ്റിയ അരക്കോടിയോളം രൂപ രണ്ടു വർഷം മുൻപു സർവീസ് പെൻഷൻകാർ സർക്കാരിലേക്കു തിരിച്ചടച്ചിരുന്നു. ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റുന്ന സർവീസ് പെൻഷൻകാർ പലിശയില്ലാതെ തുക തിരിച്ചടയ്ക്കണമെന്ന 2022 ലെ സർക്കാർ ഉത്തരവിനെത്തുടർന്നായിരുന്നു ഇത്രയും തുക തിരിച്ചടച്ചത്.
ഏതാണ്ട് 6,000ത്തോളം സർവീസ് പെൻഷൻകാരും 1500 ഓളം സർക്കാർ ജീവനക്കാരും അനർഹമായി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നായിരുന്നു സർക്കാർ കണ്ടെത്തൽ.ഇതേത്തുടർന്നാണ് പലിശയില്ലാതെ, തുക അനർഹമായി കൈപ്പറ്റിയവർ തിരിച്ചടയ്ക്കാൻ ധനവകുപ്പ് നിർദേശിച്ചത്.
സർവീസ് പെൻഷൻകാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കാനും അവസരം നൽകിയിരുന്നു. ഇതിനു പിന്നാലെയാണു നോട്ടീസ് നൽകിയ 6,000 പെൻഷൻകാരിൽ ഭൂരിഭാഗം പേരും കൈപ്പറ്റിയ തുക തിരിച്ച് അടച്ചത്.
എന്നാൽ, ജീവനക്കാരിൽ ഭൂരിഭാഗവും തുക തിരിച്ചടച്ചില്ല. വിധവ, വികലാംഗ പെൻഷൻ ഇനത്തിലാണ് ഇവർ കൂടുതലും തുക കൈപ്പറ്റി വന്നിരുന്നത്. ഇനി പെൻഷൻ വാങ്ങിയ നാൾ മുതലുള്ള തുകയും 18 ശതമാനം പിഴപ്പലിശയും ഉൾപ്പെടെയാണ് ഇവരിൽനിന്ന് ഈടാക്കാൻ ആലോചിക്കുന്നത്.