വര്‍ധിച്ചുവരുന്ന സ്വര്‍ണക്കവര്‍ച്ചയില്‍ ആശങ്കയെന്ന് എകെജിഎസ്എംഎ
Tuesday, December 3, 2024 1:49 AM IST
കൊച്ചി: വര്‍ധിച്ചുവരുന്ന സ്വര്‍ണക്കവര്‍ച്ച സ്വര്‍ണ വ്യാപാര മേഖലയില്‍ ആശങ്ക ഉയര്‍ത്തുന്നതായി ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (എകെജിഎസ്എംഎ ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണയിലും കൊടുവള്ളിയിലും ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടു കവര്‍ച്ചകളിലായി അഞ്ച് കിലോഗ്രാമിലധികം സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായും തിരിച്ചുകിട്ടാറില്ല. പോലീസ് വീണ്ടെടുത്ത സ്വര്‍ണം ഉടമയ്ക്കു തിരികെ നല്കാന് വലിയ കാലതാമസം എടുക്കുന്നതിനാല്‍ കട തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞതോടെ ആ മേഖലയില്‍ കാരിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ സ്വര്‍ണക്കവര്‍ച്ചാ സംഘങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതായാണ് വിവരം. സ്വര്‍ണാഭരണശാലകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ രാത്രികാല നിരീക്ഷണം ശക്തമാക്കണം.
രാത്രി സ്വര്‍ണം വീട്ടിലേക്കു കൊണ്ടുപോകരുതെന്നും കടകളില്‍ത്തന്നെ സൂക്ഷിക്കാനുള്ള സുരക്ഷിത മാര്‍ഗം ഒരുക്കണമെന്നും ഇൻഷ്വറന്‍സ് പരിരക്ഷ എടുക്കണമെന്നും എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.