എംഡിഎംഎ: മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ
Tuesday, December 3, 2024 1:49 AM IST
തൃശൂർ: ബസിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ മുടിക്കോടുവച്ചു പിടികൂടിയ സംഭവത്തിൽ ലഹരിമരുന്നുകടത്തുസംഘത്തിലെ മുഖ്യകണ്ണിയായ യുവാവിനെ സിറ്റി ഡാൻസാഫ് സംഘവും പീച്ചി പോലീസും ചേർന്നു ബംഗളൂരുവിൽനിന്നു പിടികൂടി. ആലപ്പുഴ അന്പലപ്പുഴ സ്വദേശി അന്പലത്തുവീട്ടിൽ സുബ്ബൻ എന്നറിയപ്പെടുന്ന സുധീർ സിയാദാണ് (25) അറസ്റ്റിലായത്.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് മുടിക്കോടുനിന്ന് എംഡിഎംഎയുമായി ആലപ്പുഴ സ്വദേശി അജീബിനെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിലേക്ക് അന്വേഷണം നീട്ടിയത്. ഇവിടെ മലയാളികൾ ധാരാളമായി താമസിക്കുന്ന സ്ഥലത്ത് ആഡംബര ഫ്ലാറ്റ് വാടകയ്ക്കെടുത്താണു സുധീർ താമസിച്ചിരുന്നത്. ഇവിടെനിന്നാണു പ്രതിയെ പിടികൂടിയത്.
പരിചയപ്പെടുന്ന മലയാളിവിദ്യാർഥികളെ ഉപയോഗിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ കടത്തിവരികയായിരുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിവിധ ഹോട്ടലുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിലും ഹാപ്പിനസ്, ഓൺവൈബ് എന്നീപേരുകളിൽ ലഹരി എത്തിക്കുന്നത് ഇയാളുടെ സംഘമാണ്.
ഇവരിൽനിന്നു മയക്കുമരുന്നു വാങ്ങി വില്പന നടത്തുന്നവരെക്കുറിച്ചും പോലീസിനു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. അത്തരക്കാരുമായി ബന്ധമുള്ളവരെക്കുറിച്ചും സാന്പത്തികവിവരങ്ങളും പോലീസ് അന്വേഷിച്ചുവരുന്നു.
പീച്ചി ഐഎസ്എച്ച്ഒ സി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.