സന്ദീപ് വാര്യര്‍ക്കെതിരേ കൊലവിളിയുമായി യുവമോര്‍ച്ച
Tuesday, December 3, 2024 1:49 AM IST
കണ്ണൂര്‍: ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ക്കെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.
കണ്ണൂർ അഴീക്കോട് നടന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിലാണ് യുവമോർച്ച പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം ഉയർത്തിയത്.
"പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത നിന്നെ ഞങ്ങള്‍ എടുത്തോളാം’ എന്നായിരുന്നു യുവമോർച്ചക്കാർ ഉയർത്തിയ പ്രകോപന മുദ്രാവാക്യം.
പ്രതികരിച്ച് സന്ദീപ് വാര്യർ
സംഭവത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തി. വെറുപ്പിന്റെ കൂടാരമായ നിങ്ങളില്‍നിന്ന് അകന്നു നടക്കാന്‍ തീരുമാനിച്ചത് ശരിയായിരുന്നുവെന്ന് നിങ്ങള്‍ വീണ്ടും തെളിയിക്കുകയാണെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചുതന്നെയാണ് ഇരിക്കുന്നത്. ഒറ്റുകാരും കൂടെ നിന്നു ചതിക്കുന്നവരും ബിജെപി ഓഫീസിന് അകത്താണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
""കെ.ടി. ജയകൃഷ്ണന് അനുസ്മരണ റാലി പോലും സിപിഎമ്മിന്റെ തിട്ടൂരത്തിനു വഴങ്ങി കണ്ണൂരിലേക്ക് ഒതുക്കിയ കെ. സുരേന്ദ്രനും കൂട്ടാളികള്‍ക്കുമെതിരേ ശബ്ദിക്കാന്‍ നട്ടെല്ലില്ലാത്തവര്‍ ഭീഷണിപ്പെടുത്താന്‍ വരരുത്. നിങ്ങളുടെ ഭീഷണിക്കു വഴങ്ങി ത്തരാന്‍ സൗകര്യമില്ല''എന്നും മറുപടിക്കുറിപ്പിൽ പറയുന്നു.