ദൈവപുത്രന്റെ വംശാവലി
Tuesday, December 3, 2024 1:49 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവിൽ
വിശുദ്ധ ബൈബിളിലെ പുതിയ നിയമം ആരംഭിക്കുന്നത് ഈശോമിശിഹായുടെ വംശാവലി എന്ന ഉപശീർഷകത്തോടെയാണ്. വായനക്കാരിൽ വിരസത ഉളവാക്കുന്ന ഈ വംശാവലി ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുന്ന, വളരെ പ്രാധാന്യമർഹിക്കുന്ന, അർഥസന്പുഷ്ടമായ ബൈബിൾ പാഠമാണ്.
എന്തിനാണ് ഈ വംശാവലി പുതിയ നിയമത്തിന്റെ ആരംഭത്തിൽതന്നെ നൽകിയിരിക്കുന്നത്? ബൈബിൾ പണ്ഡിതരും വ്യാഖ്യാതാക്കളും വ്യത്യസ്തങ്ങളായ ഉത്തരങ്ങളാണ് ഈ ചോദ്യത്തിനു നൽകിയിരിക്കുന്നത്. ഒന്നാമതായി ഈ വംശാവലി, പഴയനിയമത്തെയും പുതിയ നിയമത്തെയും കൂട്ടിയിണക്കുന്ന ഒരു പാലമായി വർത്തിക്കുന്നു എന്നതാണ്. കാരണം വംശാവലിയിലെ പേരുകളിലൂടെ പഴയനിയമ ചരിത്രത്തിന്റെ സംക്ഷിപ്ത രൂപമാണ് പുതിയ നിയമത്തിന്റെ ആരംഭത്തിൽ നൽകിയിരിക്കുന്നത്. രണ്ടാമതായി ഈ വംശാവലി ഈശോമിശിഹ പൂർണ ദൈവവും പൂർണ മനുഷ്യനുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
പിതാവായ ദൈവത്തിൽനിന്ന് അനാദിയിലേ ജനിച്ച ദൈവപുത്രനായ ഈശോ, കാലത്തിന്റെ തികവിൽ പരിശുദ്ധ കന്യകാമറിയത്തിൽനിന്നു മനുഷ്യശരീരം പരിശുദ്ധ റൂഹായാൽ സ്വീകരിച്ച്, നിയമപ്രകാരം ദാവീദിന്റെ ഭവനത്തിൽ ജനിച്ച് ജീവിച്ചു എന്ന് വംശാവലി സാക്ഷിക്കുന്നു.
“നിന്നിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും” എന്ന ദൈവിക വാഗ്ദാനം (ഉത്പ 12:3) പൂർത്തിയാക്കപ്പെട്ടത് അബ്രഹാമിന്റെ സന്തതിപരന്പരയിൽപ്പെട്ട മറിയത്തിന്റെ മകനായി ഈശോ ഈ ഭൂമിയിൽ വന്നുപിറക്കുന്പോഴാണ്-ഈശോയിലൂടെയാണ്!
ആദ്യപിതാവായ ആദാമിന്റെ പാപം മൂലം മനുഷ്യവംശം പാപപങ്കിലമായെങ്കിൽ, പുതിയ നിയമത്തിലെ ആദമായ ഈശോമിശിഹാവഴിയായി മനുഷ്യവംശം മുഴുവനും പാപമുക്തി പ്രാപിച്ചു.
ഈശോമിശിഹായുടെ വംശാവലിയിൽ നാം പാപികളെയും പരിശുദ്ധരെയും വിജാതീയരെയും സജാതീയരെയും ധനികരെയും ദരിദ്രരെയും രാജാക്കന്മാരെയും സാധാരണക്കാരെയും കണ്ടുമുട്ടുന്നു.
ഈ യാഥാർഥ്യം വ്യക്തമാക്കുന്നത് ഈശോ എല്ലാവരുടെയും രക്ഷകനായാണ് ജനിച്ചത് എന്നാണ്. "Biblos Genesis' എന്ന വാക്കുകൾകൊണ്ടാണ് ഗ്രീക്കുഭാഷയി ൽ വംശാവലി ആരംഭിക്കുന്നത്. പഴയനിയമത്തിലെ ആദ്യഗ്രന്ഥത്തിന്റെ പേരും genesis അഥവാ ഉത്പത്തി എന്നാണ്. പഴയനിയമത്തിലെ ഉത്പത്തി പുസ്തകം പ്രപഞ്ചോത്പത്തിയും മനുഷ്യന്റെ ജഡപ്രകാരമുള്ള ഉത്പത്തിയും പാപവും വീഴ്ചയും രേഖപ്പെടുത്തുന്പോൾ, പുതിയ നിയമത്തിലെ വംശാവലി (Biblos Genesis) പുതിയ സൃഷ്ടി ആകുന്നതിന്റെ ഭാഗമായി മനുഷ്യന്റെ ആത്മീയ ജന്മവും പാപമോചനവും ഉയർച്ചയും നേടിത്തന്ന ഈശോമിശിഹായുടെ ജനനത്തെക്കുറിച്ചു പ്രതിപാദിക്കുന്നു.
ദൈവപുത്രനായ ഈശോമിശിഹായുടെ ജനനത്തിന്റെ ഒരുക്കമായി ഏബ്രഹാമിന്റെ സന്തതിപരന്പരയിൽപെട്ട ഇസ്രയേൽ വംശത്തെ ദൈവം തെരഞ്ഞെടുത്ത്, വേർതിരിച്ച് ഒരുക്കി. കാലത്തിന്റെ പൂർണതയിൽ ഇസ്രയേൽ വംശത്തിൽ ഈശോമിശിഹാ വന്ന് പിറക്കുകയും ചെയ്തു. അതോടുകൂടി വംശീയമായ ഇസ്രയേൽ സാർവത്രികമായ പുതിയ ഇസ്രയേലിനു വഴിമാറി. അബ്രാഹത്തെ വിളിച്ചപ്പോൾ ദൈവം നൽകിയ വാഗ്ദാനം ഒരു വംശത്തിനുവേണ്ടി മാത്രമായിരുന്നില്ല. മറിച്ച് "നിന്നിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും'എന്നായിരുന്നു. ഏബ്രഹാമിനു നൽകിയ ഈ വാഗ്ദാനം ഈശോമിശിഹായിലൂടെയാണ് പൂർത്തിയാകുന്നത്.
വിശുദ്ധ ബൈബിൾ ഈ സാർവത്രികമായ അനുഗ്രഹപ്രാപ്തിയെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്, ഈശോമിശിഹായെ സ്വീകരിച്ചവർക്കെല്ലാം, ഈശോമിശിഹായുടെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവ് നൽകി. (യോഹ 1:12-13). ഈ പുതുജന്മം വംശാവലിയിൽ നിന്നല്ല, ദൈവത്തിൽനിന്നാണ്.
"സ്നേഹമാകുന്ന ദൈവത്തിന്റെ' മനുഷ്യാവതാരമായ ഈശോമിശിഹായിൽ വിശ്വസിച്ച്, സ്നേഹത്തിന്റെ കല്പനയനുസരിച്ച് ജീവിക്കുന്നവരും ദൈവകൃപയിലൂടെ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹക്കൂട്ടായ്മയിൽ കഴിയുന്നവരുമാണ് പുതിയ ഇസ്രയേൽ, വംശീയമല്ലാത്ത ഇസ്രയേൽ, തിരുസഭ. സാർവത്രിക സാഹോദര്യത്തിലേക്ക് മനുഷ്യവംശത്തെ തന്റെ സുവിശേഷത്തിലൂടെ വിളിക്കാൻ വന്നവൻ ഒരു വംശത്തിന്റെ ഭാഗമായി ജനിച്ച് സാർവത്രികനായ ദൈവപുത്രനാണ്.