സര്‍ക്കാര്‍ നല്കിയ ഭൂമിയില്‍ പരിശോധന തുടങ്ങണമെന്ന് ഹൈക്കോടതി
Tuesday, December 3, 2024 1:49 AM IST
കൊച്ചി: ഭൂപതിവു നിയമ പ്രകാരം സര്‍ക്കാര്‍ പതിച്ചു നല്കിയ ഭൂമിയില്‍ വ്യവസ്ഥാ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര പരിശോധന തുടങ്ങണമെന്ന് ഹൈക്കോടതി.
സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തില്‍ കര്‍മസമിതികള്‍ രൂപവത്കരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങാന്‍ ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പരാതികള്‍ പരിഗണിക്കാന്‍ ഒറ്റ സമിതി മതിയാകില്ലെന്നും സംസ്ഥാന, ജില്ലാ, താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നു തലത്തിലുള്ള സമിതികളിലും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ വിശദ പട്ടികയും അധികാരപരിധിയും വ്യക്തമാക്കി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിക്കു കോടതി നിര്‍ദേശം നല്കി.