ചെലവു കുറഞ്ഞ സ്തനാർബുദ ചികിത്സ: അഭിമാനനേട്ടത്തിൽ മലയാളി ഡോക്ടർമാർ
Tuesday, December 3, 2024 1:49 AM IST
കൊച്ചി: കീമോതെറാപ്പിക്കുശേഷവും സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനു പുതിയ ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ.
ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം സർജന്മാരായ ഡോ. ടി.എസ്. സുബി, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരാണു കണ്ടെത്തലിനു പിന്നിൽ. ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ് എന്ന പുതിയ ചികിത്സാ രീതിക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചു.
നിലവിൽ ട്യൂമർ തിരിച്ചറിയുന്നതിനു പലതരത്തിലുള്ള മാർക്കിംഗ് രീതികളാണ് ആഗോള തലത്തിൽ ഉപയോഗിക്കുന്നത്. ഇത് ഓരോന്നും ചെലവേറിയ രീതികൾ ആയതിനാൽ സാധാരണക്കാർക്കു സാധ്യമായിരുന്നില്ല. ഇതിനു പരിഹാരമാണ് പുതിയ കണ്ടെത്തൽ.
മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയക്, ഡോ. അരുൺ ഫിലിപ്പ്, ഡോ. അശ്വിൻ ജോയ്, പത്തോളജി വിഭാഗം മേധാവി ഡോ. ലത ഏബ്രഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഒരു സൂചി മുറിവിലൂടെ അൾട്രാ സൗണ്ട് സഹായത്തോടെ വേദനരഹിതമായി ക്ലിപ്പിംഗ് ചെയ്യാമെന്നത് രോഗികൾക്ക് വലിയ ആശ്വാസമാണെന്ന് ഡോ. ടീന സ്ലീബ പറഞ്ഞു.
രാജഗിരി കാൻസർ സെന്ററിനു കീഴിലുള്ള വിവിധ ക്ലിനിക്കൽ വിഭാഗങ്ങളുടെ മൂന്നു വർഷം നീണ്ട പരിശ്രമങ്ങളാണ് ഒടുവിൽ വിജയത്തിലെത്തിയത്. അർബുദ ചികിത്സതന്നെ ചെലവേറുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്നതാണ് കണ്ടുപിടിത്തമെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം അഭിപ്രായപ്പെട്ടു.
നേരത്തെ ബംഗളൂരുവിൽ നടന്ന ദേശീയ ഓങ്കോളജി സമ്മേളനത്തിൽ ഈ വർഷത്തെ മികച്ച ഗവേഷണമായി ഇത് തെരഞ്ഞെടുത്തിരുന്നു. സ്തനാർബുദ സംരക്ഷണ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ ചെയ്യാമെന്നതാണ് പുതിയ കണ്ടെത്തലിന്റെ പ്രധാന നേട്ടം. 2000 രൂപയിൽ താഴെ മാത്രമാണ് പുതിയ ചികിത്സയ്ക്ക് ചെലവെന്നും ഡോക്ടർമാർ പറഞ്ഞു.