കെഎസ് ആർടിസിയുടെ സ്ഥലം പാട്ടത്തിന്; ബിഒടി വ്യവസ്ഥയിൽ സംരംഭം നടത്താം
Wednesday, December 4, 2024 1:50 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണായ അഞ്ച് സ്ഥലങ്ങൾ പഞ്ചനക്ഷത്ര ഹോട്ടൽ, റിസോർട്ട്, വാണിജ്യ സമുച്ചയങ്ങൾ, ആരോഗ്യ ടൂറിസം ഹബ് എന്നിവ നിർമിക്കാനായി പാട്ടത്തിന് നൽകുന്നു.
തിരുവനന്തപുരത്ത് കായൽ തീരമായ പൂവാർ, കൊല്ലത്ത് അഷ്ടമുടിക്കായലോരം, മൂന്നാറിലെ ഹരിതസുന്ദര മേഖല, പെരിന്തൽമണ്ണയിൽ ഉന്നത നിലവാരത്തിലുള്ള ആതുരാലയ മേഖല എന്നിവിടങ്ങളിലായാണ് ഭൂമി വൻകിട സംരംഭകർക്ക് വിട്ടു നൽകുന്നത്.
ബിഒടി (ബിൽറ്റ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ ) രീതിയിൽ സ്ഥാപനങ്ങൾ നിർമിച്ച്, പ്രവർത്തിപ്പിച്ച് ലാഭമാക്കിയ ശേഷം നിശ്ചിത കാലയളവിനു ശേഷം കെഎസ്ആർടിസിക്കുതന്നെ കൈമാറണമെന്നാണ് വ്യവസ്ഥ.
കെടിഡിഎഫ്സി മുഖേന ബിഒടി വ്യവസ്ഥയിൽ നിർമിച്ച നാല് ഷോപ്പിംഗ് കോംപ്ലക്സുകൾകൊണ്ട് കെഎസ്ആർടിസിക്ക് ഒരു പ്രയോജനവും ഇതു വരെ ഉണ്ടായിട്ടില്ല.
ഇത്തരം പോരായ്മകൾ പരിഹരിക്കാനാണു വൻകിട കമ്പനികളെ സമീപിക്കുന്നത്. 29 വർഷ കാലാവധിക്കാണ് ഇപ്പോൾ ഭൂമി പാട്ടത്തിനു നല്കുന്നത്. കെഎസ്ആർടിസി വിഭാവനം ചെയ്തിട്ടുള്ള സംരംഭങ്ങളാണു നടത്തേണ്ടത്.
പൂവാറിൽ ഒരേക്കർ വസ്തുവിൽ റിസോർട്ടാണു നിർമിക്കേണ്ടത്. കൊല്ലത്ത് ഒന്നേ മുക്കാൽ ഏക്കർ. ഇതിൽ റിസോർട്ടും കൊമേഴ്സ്യൽ കോംപ്ലക്സുമാണ് നിർമിക്കേണ്ടത്. എറണാകുളത്തെ നാലേക്കറിലും പെരിന്തൽമണ്ണയിലെ രണ്ടേകാൽ ഏക്കറിലും കൊമേർഷ്യൽ കോംപ്ലക്സും മെഡിക്കൽ ഹബ്ബും മൂന്നാറിലെ മൂന്ന് ഏക്കറിൽ ഫൈവ്സ്റ്റാർ ഹോട്ടലുമാണ് നിർമിച്ച് പ്രവർത്തിപ്പിക്കേണ്ടത്.
പാട്ടവാടക ഫ്ലെക്സിബിൾ ഫിനാൻഷൽ മോഡലിലാണ് കരാർ. നിർമാണ കാലയളവിനായി അനുവദിച്ച ഭൂമിക്ക് പാട്ട വാടക ഉണ്ടായിരിക്കും. നിർമാണ കാലയളവ് പൂർത്തിയാകുമ്പോൾ വാടക വർധിപ്പിക്കും. ടെൻഡർ ക്ഷണിക്കുമ്പോൾ ഈ രണ്ട് നിരക്കുകളും ലേലക്കാരൻ ക്വോട്ട് ചെയ്യണം.
വ്യക്തിക്കോ ഓർഗനൈസേഷനോ കൺസോർഷ്യത്തിനോ ടെണ്ടർ സമർപ്പിക്കാം. എല്ലാ ചെലവുകളും ബിഒടി ഓപ്പറേറ്റർ വഹിക്കണം.
കൂടാതെ, അതിലൂടെ ഉണ്ടാകുന്ന കുടിശിക, ബാധ്യതകൾ, മുതലായവയിലൂടെ കെഎസ് ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കു പരിഹാരവും നൽകണമെന്ന വ്യവസ്ഥയിലാണു ഭൂമി കൈമാറ്റം.