വളപട്ടണം കവർച്ച: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും
Wednesday, December 4, 2024 1:50 AM IST
കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടിൽനിന്നു പണവും സ്വർണവും കവർന്ന കേസിൽ അറസ്റ്റിലായ അയൽവാസി മുണ്ടച്ചാലി ഹൗസിൽ സി.പി. ലിജേഷിനെ (45) പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇതിനായി ഇന്നു വളപട്ടണം പോലീസ് കോടതിയിൽ അപേക്ഷ നൽകും. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. ലിജേഷ് ജില്ലയിൽ മറ്റെവിടെയെങ്കിലും മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടാതെ അഷറഫിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച പണവും സ്വർണവും വേറെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്.