പെട്ടിവിവാദം സിപിഎം- ബിജെപി അജൻഡ: രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, December 3, 2024 1:49 AM IST
പാലക്കാട്: പാലക്കാട്ടെ പെട്ടിവിവാദം സിപിഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജൻഡയായിരുന്നുവെന്നു രാഹുൽ മാങ്കൂട്ടത്തിൽ.
രാഷ്ട്രീയമായി നേരിടുന്നതിനുപകരം തന്നെ കള്ളപ്പണക്കാരനാക്കാൻ ശ്രമിച്ചു. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമായിരുന്നു അത്. ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്കു നന്ദി പറയുന്നു.
ജനങ്ങൾ പ്രബുദ്ധരാണെന്ന ബോധം സിപിഎമ്മിനും ബിജെപിക്കും ഇനിയെങ്കിലും വേണമെന്നു രാഹുൽ പറഞ്ഞു. ഒരു മന്ത്രിയും അദ്ദേഹത്തിന്റെ അളിയനും നടത്തിയ രാഷ്ട്രീയനാടകമായിരുന്നു പെട്ടിവിവാദം. അന്നു സിപിഎം, ബിജെപി നേതാക്കൾ ഉയർത്തിയ ആരോപണങ്ങൾക്കു വ്യക്തത ഉണ്ടായിരുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി.