നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്: ജി. സുകുമാരന്‍ നായര്‍
Wednesday, December 4, 2024 1:50 AM IST
ചങ്ങനാശേരി: നെല്കര്ഷകമേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കണ്ടില്ലെന്നു നടിക്കരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
നെല്‍ ഉത്പാദന രംഗത്ത് കുട്ടനാട്ടിലെ കര്‍ഷകര്‍ ചെയ്യുന്ന സേവനവും അധ്വാനവും വിലപ്പെട്ടതാണ്. കര്‍ഷകനെ സംബന്ധിച്ചിടത്തോളം കൃഷി ഒരു ശാപമായി മാറുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനിട വരുത്താതെ ഈ രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നെല്‍കര്‍ഷക സംരക്ഷണസമിതി കഴിഞ്ഞ മാസം 26 മുതല്‍ ആലപ്പുഴ കളക്ടറേറ്റിനു മുമ്പില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണമെന്നും ഇവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണമമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.