കേരളത്തിലെ ആദ്യ അമേരിക്കൻ കോർണർ കുസാറ്റിൽ ആരംഭിച്ചു
Wednesday, December 4, 2024 1:50 AM IST
കളമശേരി: കേരളത്തിലെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലിന്റെയും സംയുക്താഭിമുഖ്യത്തിൽ കുസാറ്റ് തൃക്കാക്കര കാമ്പസിൽ ആരംഭിച്ചു.
അമേരിക്കയിലെ വിദ്യാഭ്യാസ, സാംസ്കാരിക സാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള അവസരം ഇവിടെ സൗജന്യമായി ലഭിക്കും.
കുസാറ്റ് വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂൾ വിദ്യാർഥികൾക്കായി റോബോട്ടിക്സ്, 3ഡി പ്രിന്റിംഗ് വർക്ക് ഷോപ്പുകളും സംരംഭകർക്കായി ബിസിനസ് കമ്യൂണിക്കേഷൻ വർക്ക്ഷോപ്പും കുസാറ്റിലെ ഗവേഷകർക്കായി ഒരുക്കുന്ന പരിശീലന പരിപാടികളും ഇവിടെ നടത്തും.
അമേരിക്കൻ കോർണർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കും.