കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജില്‍സിനും ജാമ്യം
Tuesday, December 3, 2024 1:49 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷന്, ബാങ്ക് അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഇഡി ആരോപിക്കുന്നതു പോലുള്ള കുറ്റകൃത്യം ഹര്‍ജിക്കാര്‍ നടത്തിയതായി പ്രഥമദൃഷ്ട്യാ കരുതാനാകില്ലെന്നു നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. പതിനാല് മാസമായി ഇരുവരും ജുഡീഷല്‍ കസ്റ്റഡിയിലാണെന്നതും കേസിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കാനിടയില്ലെന്നും വിലയിരുത്തിയാണ് നടപടി. രണ്ടു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള രണ്ടാള് ജാമ്യവുമാണ് പ്രധാന ഉപാധി.
അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, പാസ്പോര്‍ട്ട് കോടിതിയില്‍ സമര്‍പ്പിക്കണം, ജാമ്യത്തിലിറങ്ങുന്ന പ്രതികള്‍ മറ്റു കുറ്റകൃങ്ങളില് ഏര്‍പ്പെടാനോ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല. അനുമതിയില്ലാതെ കോടതിയുടെ അധികാരപരിധിക്കു പുറത്തുപോകരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.