നീലപ്പെട്ടി വിവാദം പൊട്ടി; തെളിവില്ലെന്ന് അന്വേഷണസംഘം
Tuesday, December 3, 2024 2:14 AM IST
പാലക്കാട്: ഉപതെരഞ്ഞെടുപ്പുസമയത്ത് സിപിഎം ഉയർത്തിക്കൊണ്ടുവന്ന ‘നീല ട്രോളി ബാഗ്’ വിവാദത്തിൽ തെളിവു കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.
തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ, ബാഗിൽ പണം എത്തിച്ചതിനു തെളിവു കണ്ടെത്താനായില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പുസമയത്തു ‘നീല ട്രോളി ബാഗ്’ വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ബാഗിൽ കോണ്ഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്നായിരുന്നു ആക്ഷേപം. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരേയും എൽഡിഎഫും ബിജെപിയും ആരോപണം ഉയർത്തി.
സിപിഎമ്മിന്റെ ആരോപണങ്ങൾക്കു നീല ട്രോളി ബാഗുമായി പത്രസമ്മേളനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ മറുപടിയും നൽകി. ട്രോളി ബാഗിൽ വസ്ത്രങ്ങളാണെന്നു പറഞ്ഞ രാഹുൽ, ബാഗ് പോലീസിനു കൈമാറാൻ തയാറാണെന്നും പറഞ്ഞിരുന്നു.
നവംബർ ആറിനു പുലർച്ചെയാണു കെപിഎം ഹോട്ടലിൽ കോണ്ഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളിൽ പോലീസ് സംഘമെത്തി മിന്നൽപരിശോധന നടത്തിയത്. പാതിരാത്രി 12നാണ് റെയ്ഡ് തുടങ്ങിയത്.
കോണ്ഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, അഡ്വ. ബിന്ദു കൃഷ്ണ എന്നിവർ താമസിച്ചിരുന്നതടക്കം 12 മുറികളിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണു നടത്തിയതെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ, പരിശോധന വിവാദമായതോടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നു വിശദീകരിച്ച് പോലീസ് മലക്കംമറിഞ്ഞു.
ഒടുവിൽ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണു പാലക്കാട്ടെ ഹോട്ടലിൽനിന്നു പോലീസ് മടങ്ങിയത്.
യൂത്ത് കോണ്ഗ്രസ് നേതാവ് ട്രോളി ബാഗുമായി ഹോട്ടലിൽ എത്തുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്.
ഇതിൽ കള്ളപ്പണമാണ് എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. പിന്നാലെ പോലീസ് ഹോട്ടലിൽ റെയ്ഡിനെത്തുകയായിരുന്നു.
പാതിരാത്രി വനിതാ പോലീസില്ലാതെ മുറിയിലെത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ഷാനിമോൾ ഉസ്മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് വനിതാ കമ്മീഷൻ ഉൾപ്പെടെ അന്വേഷണം നടത്തുന്നതിനിടെയാണു പോലീസിന്റെ റിപ്പോർട്ട് പുറത്തു വന്നത്.