അധ്യാപക നിയമന അംഗീകാരം; സർക്കാർ നിലപാട് നീതിനിഷേധമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
Wednesday, December 4, 2024 1:51 AM IST
കൊച്ചി: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണത്തിനുള്ള തസ്തികകള്‍ക്കു ശേഷമുള്ള നിയമനങ്ങളും ദിവസവേതനാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നുള്ള സര്‍ക്കാരിന്റെ സര്‍ക്കുലര്‍ അധ്യാപകര്‍ക്കു നേരെയുള്ള നീതിനിഷേധമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്. ഈ വിഷയത്തിനു സർക്കാർ അടിയന്തിരമായി പരിഹാരം കാണമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കു നൽകിയ നിവേദനത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.
കത്തോലിക്കാസഭയുടെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി നിയമം അനുശാസിക്കുന്ന നാലു ശതമാനം സംവരണത്തിനു തസ്തികകള്‍ മാറ്റിവച്ചിട്ടുണ്ട്. പലപ്പോഴും ഈ തസ്തികകളില്‍ നിയമനം നടത്താന്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരെ കിട്ടാത്ത അവസ്ഥയുണ്ട്.
സ്കൂളുകളിൽ വിവിധ തസ്തികകളിൽ നിയമിതരായ ജീവനക്കാര്‍ക്ക് അടിയന്തിരമായി സ്ഥിരനിയമന അംഗീകാരം നല്‍കണം. എയ്ഡ്ഡ് സ്കൂളുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണം.
ഭിന്നശേഷി വിഭാഗം ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകള്‍ക്കു ശേഷമുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം സ്കൂളുകളുടെ സുഗമമായ നടത്തിപ്പിനു വിഘാതം സൃഷ്ടിക്കുന്നതാണ്. ഇതു വിദ്യാർഥികളുടെ പഠനത്തെ മോശമായി ബാധിക്കുന്നതും അധ്യാപകര്‍ക്ക് ഭരണഘടനയും നിയമവും നല്കുന്ന അവകാശങ്ങളെ ഹനിക്കുന്നതുമാണ്.
ഭിന്നശേഷി വിഭാഗം ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍, നിയമിക്കപ്പെട്ട ജീവനക്കാരി പ്രസവ ആവശ്യവുമായി സ്കൂളില്‍ തുടരാന്‍ സാധിക്കാതെ വരുമ്പോള്‍ പകരം ജീവനക്കാരെ നിയമിച്ചാലേ അധ്യയനം മുന്നോട്ടു കൊണ്ടുപോകാനാകൂ. ഇങ്ങനെയുള്ള അവസരങ്ങളില്‍ പകരം ജീവനക്കാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനം അടിയന്തരമായി അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്കൂളുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പിഒസിയില്‍ ചേർന്ന കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ യോഗത്തിന്റെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിന്റെയും പശ്ചാത്തലത്തിലാണു നിവേദനം നൽകിയതെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍ എന്നിവർ അറിയിച്ചു.