നെല്ലിന്റെ താങ്ങുവില: സംസ്ഥാന സർക്കാർ 1.17 രൂപ വെട്ടിച്ചുരുക്കി വില പ്രഖ്യാപിച്ചു
Wednesday, December 4, 2024 1:50 AM IST
നെന്മാറ: നെല്ലുസംഭരണം തുടങ്ങി മാസങ്ങൾക്കുശേഷം സംസ്ഥാന സർക്കാർ വർധനയില്ലാതെ വില പ്രഖ്യാപിച്ചു. ഒരു കിലോ നെല്ലിന് 28.20 രൂപ നിരക്കിലാണു സംഭരണവില നിശ്ചയിച്ചത്. കഴിഞ്ഞ മൂന്നു വർഷമായി ഇതേ നിരക്കിലാണു നെല്ലുസംഭരണം നടത്തുന്നത്.
കേന്ദ്രസർക്കാർ ഓരോ വർഷവും താങ്ങുവില വർധിപ്പിക്കുന്ന തുക സംസ്ഥാനസർക്കാർ കുറവുവരുത്തുന്നതാണു വില കൂടാതിരിക്കാൻ കാരണം. കഴിഞ്ഞ മൂന്നു വർഷമായി കർഷകർക്ക് 28.20 രൂപ നിരക്കിലാണു ലഭിച്ചുകൊണ്ടിരുന്നത്.
പുറമേ 12 പൈസ കയറ്റുകൂലി, ചാക്കുവില എന്നിങ്ങനെ കൈകാര്യച്ചെലവും കർഷകർക്കു ലഭിക്കും. അങ്ങനെ ഒരു കിലോയ്ക്ക് 28.32 രൂപയാണ് ഇപ്പോൾ സപ്ലൈകോ പിആർഎസ് നൽകിയ കർഷകർക്കു ലഭിക്കുക.
പ്രഖ്യാപിച്ച വില എന്നു നൽകുമെന്നു വിലപ്രഖ്യാപന ഉത്തരവിൽ പറയുന്നില്ല. തുകവിതരണത്തിൽ അനിശ്ചിതത്വം തുടരുകതന്നെയാണ്.
കേന്ദ്രസർക്കാരിന്റെ താങ്ങുവില 23 രൂപയും സംസ്ഥാനസർക്കാർ വിഹിതം 5.20 രൂപയും ചേർത്താണ് 28.20 രൂപ വില നിശ്ചയിച്ചത്.
കഴിഞ്ഞ ജൂണിൽ കേന്ദ്രസർക്കാർ വർധിപ്പിച്ച 1.17 രൂപ ഒന്നാംവിളയുടെ നെല്ലുവിലയോടൊപ്പം ചേർത്ത് 29.31 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണു വില വർധിപ്പിക്കാത്തതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പുതുക്കിയ വില പ്രഖ്യാപിക്കുമെന്നും ഇടതുമുന്നണി നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി വിലയുയർത്താതെ വഞ്ചിക്കുകയാണു സർക്കാർ ചെയ്തതെന്നു കർഷകർ പറഞ്ഞു. രണ്ടാംവിള കൃഷിപ്പണികൾ ആരംഭിച്ചിട്ടും സംഭരണം പൂർത്തിയാക്കാത്തതും സംഭരിച്ച നെല്ലിന്റെ വില നൽകാത്തതും കർഷകരെ ദുരിതത്തിലാക്കുകയാണ്. 30 രൂപയെങ്കിലും താങ്ങുവില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.