അനധികൃത സ്വത്തുസന്പാദനം: എഎംവിഐയും സിനിമാനടനുമായ കെ. മണികണ്ഠനു സസ്പെൻഷൻ
Wednesday, December 4, 2024 1:50 AM IST
ഒറ്റപ്പാലം: അനധികൃത സ്വത്തുസന്പാദന കേസിൽ എഎംവിഐയും നടനുമായ കെ. മണികണ്ഠനു സസ്പെൻഷൻ. ഒറ്റപ്പാലം സബ് ആർടിഒ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും കാസർഗോഡ് സ്വദേശിയുമായ കെ. മണികണ്ഠനെയാണു മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞമാസം മണികണ്ഠന്റെ ഒറ്റപ്പാലത്തെ വാടകവീട്ടിലും കാസർഗോഡുള്ള വീട്ടിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഒറ്റപ്പാലത്തെ വീട്ടിൽനിന്നു കണക്കിൽപ്പെടാത്ത 1.90 ലക്ഷം രൂപ പിടികൂടിയതിനു പിന്നാലെയാണു സസ്പെൻഷൻ.
ഈ സംഭവത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൊതുസമൂഹത്തിൽ വകുപ്പിന് അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിൽ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നുവെന്നാണു ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.
ഓഫീസിലും വീട്ടിലും പരിശോധന നടത്തിയത് ഒറ്റപ്പാലം ജോയിന്റ് ആർടിഒ മുഖാന്തരം പാലക്കാട് ആർടിഒ ട്രാൻസ്പോർട്ട് കമ്മീഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.
കോഴിക്കോട് വിജിലൻസ് കേസെടുത്തതിനുശേഷം മോട്ടോർ വാഹന വകുപ്പ് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. തുടർന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബർ 29നാണ് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും കാസർഗോഡ് ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് പരിശോധന നടന്നത്. പണത്തിനു പുറമേ മൊബൈൽ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആട്-2, അഞ്ചാം പാതിര, ജാനകി ജാനേ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ മണികണ്ഠൻ ചെറിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. വരവിൽ കവിഞ്ഞ് ഏകദേശം 41 ലക്ഷം രൂപയോളം അനധികൃതമായി സന്പാദിച്ചിട്ടുണ്ടെന്നാണു വിജിലൻസ് അധികൃതർ പറയുന്നത്.