നിയമനനിരോധനത്തിനുള്ള കുറുക്കുവഴിയായി മാനദണ്ഡം മാറരുത്: കത്തോലിക്ക കോണ്‍ഗ്രസ്
Wednesday, December 4, 2024 1:50 AM IST
കൊച്ചി: ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ സര്‍ക്കാര്‍ എയ്ഡഡ് അധ്യാപക നിയമനത്തിന് കൊണ്ടു വന്നിരിക്കുന്ന മാനദണ്ഡങ്ങളും സര്‍ക്കുലറുകളും നിയമന നിരോധനത്തിനുള്ള കുറുക്കുവഴികളായി മാറരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
ഭരണഘടന ഉറപ്പു നല്കുന്ന വിദ്യാഭ്യാസ അവകാശം കുട്ടികള്‍ക്കു നല്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാര്‍ നിലപാട് ഭാവിതലമുറയുടെ അവകാശങ്ങളെ നിഷേധിക്കല്‍ കൂടിയാണ്.
എയ്ഡഡ് മേഖലയിലെ 2021 മുതലുള്ള അധ്യാപക നിയമനം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതും അധ്യാപകരെയും കുട്ടികളെയും ബാധിക്കുന്നതുമാണ്.
നിലവില്‍ ഭിന്നശേഷി വിഭാഗക്കാരായ അധ്യാപകരുടെ ലിസ്റ്റ് കൃത്യമായി നല്കാന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും സാധിക്കാത്ത അവസ്ഥയാണ്. അതിനാല്‍ ഭിന്നശേഷിക്കാരെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ പോലും സംജാതമാകുന്നുണ്ട്.
വസ്തുത ഇതായിരിക്കെ, ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ എയ്ഡഡ് സ്കൂളില്‍ അധ്യാപക നിയമനങ്ങള്‍ 2021 മുതല്‍ റദ്ദാക്കാനുള്ള തീരുമാനം അപ്രഖ്യാപിത നിയമന നിരോധനത്തിന് തുല്യമാണന്നും നിയമനം നിരീക്ഷിക്കാന്‍ ശക്തമായ സംവിധാനം ഉണ്ടെന്നിരിക്കെ വിദ്യാഭ്യാസ മേഖലയെ തന്നെ ബാധിക്കുന്ന തീരുമാനങ്ങളില്‍നിന്ന് പിന്തിരിയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.