ക്ഷേമപെൻഷൻ ക്രമക്കേട്: തദ്ദേശവകുപ്പ് നടപടിയെടുക്കുമെന്ന് മന്ത്രി രാജേഷ്
Tuesday, December 3, 2024 1:49 AM IST
തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനർഹർ വാങ്ങിയ സംഭവത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി എം. ബി. രാജേഷ്.
ക്ഷേമപെൻഷൻ ക്രമക്കേടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഓരോ വകുപ്പും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ട്.
അതനുസരിച്ചുള്ള നടപടികൾ സ്വീകരിക്കും. തദ്ദേശ വകുപ്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ അർഹതാമാനദണ്ഡങ്ങൾ പരിശോധിക്കും.
ഇതിനായി സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റിയുടെ സാധ്യതകളും പരിശോധിക്കും. അനർഹരായിട്ടുള്ള ആളുകൾ പട്ടികയിൽ ഉണ്ടാകാൻ പാടില്ല. അനർഹർ ഈ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നില്ല എന്ന് ഉറപ്പു വരുത്താൻ ലഭ്യമായിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.