വളപട്ടണം കവർച്ച : വഴിത്തിരിവായത് വിരലടയാളം
Tuesday, December 3, 2024 1:49 AM IST
കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടിൽനിന്നു പണവും സ്വർണവും കവർന്ന കേസിൽ തുടക്കത്തിൽ ഇതരസംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽനിന്നു കവർച്ച നടത്താനെത്തിയത് ഒരാൾ മാത്രമാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
വീട്ടുടമയായ അഷറഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയാവുന്നയാളാണു മോഷണം നടത്തിയതെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. തുടർന്ന് അഷറഫിന്റെ ബന്ധുക്കളെയും അയൽവാസികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ശനിയാഴ്ച അയൽവാസികളുടെ വിരലടയാളം എടുക്കുന്ന കൂട്ടത്തിൽ ലിജേഷിന്റെയും എടുത്തിരുന്നു. ഇതാണ് ഏറെ വഴിത്തിരവായത്.
ഈ വിരലടയാളവും കീച്ചേരിയിലെ വീട്ടിലെ കവർച്ചയിലെ വിരലടയാളവും ഒന്നായതോടെ പ്രതി ലിജേഷാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. കൂടാതെ കീച്ചേരിയിലെ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളും അഷറഫിന്റെ വീട്ടിലെ കവർച്ചയുടെ സിസിടിവി ദൃശ്യങ്ങളിലും പ്രതിയുടെ രൂപം ഏകദേശം ഒന്നായിരുന്നു.
രണ്ടു കവർച്ചയ്ക്കും ഉപയോഗിച്ച മാസ്കും ഒന്നായിരുന്നു. ഇതോടെ ഞായറാഴ്ച രാവിലെ വളപട്ടണം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ലിജേഷിനോട് പോലീസ് ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയപ്പോൾ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ഇന്നലെ റിമാൻഡ് ചെയ്തു.