ഓട്ടിസം ഒന്നിന്റെയും അവസാനമല്ല!
Tuesday, December 3, 2024 1:49 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഓട്ടിസം ബാധിച്ചവർ, തങ്ങളിലേക്കുതന്നെ ഒതുങ്ങി വീട്ടിലിരിക്കണോ? അവരങ്ങനെ ഒതുങ്ങിക്കൂടേണ്ടവരല്ലെന്നും ഉള്ളിലെ പ്രതിഭയുടെ മികവിനെ പ്രകാശിപ്പിക്കേണ്ടവരാണെന്നും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമുണ്ട് കേരളത്തിൽ- ഇൻക്ലൂസീവ് ഓർഗ് ഫൗണ്ടേഷൻ.
ന്യൂറോഡൈവർജന്റ് വിഭാഗത്തിലുള്ളവർക്കു നൈപുണ്യപരിശീലനത്തിലൂടെ ഐടി മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സംരംഭമാണ് ഇൻക്ലൂസീവ് ഓർഗ്. കംപ്യൂട്ടർ ഉപയോഗിക്കുന്നതിൽ അഭിരുചിയും താത്പര്യവുമുള്ള ഓട്ടിസം ബാധിതർക്കു ഐടി മേഖലകളിലെ തൊഴിൽസാധ്യതകൾ തുറന്നു നൽകുന്ന ഇൻക്ലൂസീവ് ഓർഗ് ഫൗണ്ടേഷനിലൂടെ ഇതുവരെ ഇരുപതോളം പേർ ജോലി നേടി.
ഓട്ടിസത്തിനു പുറമേ, സെറിബ്രൽ പാൾസി, ലേണിംഗ് ഡിസെബിലിറ്റി, ബൈപോളാർ സിൻഡ്രോം എന്നീ ന്യൂറോഡൈവർജന്റ് വിഭാഗങ്ങളിലുള്ളവരും ഇൻക്ലൂസീവ് ഫൗണ്ടേഷന്റെ സേവനം നേടി.
സംസ്ഥാനത്തെ ഏഴു ജില്ലകളിലായി പ്രവർത്തിക്കുന്ന ഇൻക്ലൂസീവ് ഓർഗ് ഫൗണ്ടേഷന്റെ പത്തു നൈപുണ്യ പരിശീലന കേന്ദ്രങ്ങളിലൂടെ 235 ഓട്ടിസം ബാധിതരായ ചെറുപ്പക്കാർ ഇതുവരെ പരിശീലനം നേടിക്കഴിഞ്ഞു. നിലവിൽ 60 പേർ പരിശീലനം നടത്തുന്നുണ്ട്.
എറണാകുളത്തെ സാമൂഹ്യസേവന സംരംഭമായ സഹൃദയയുടെ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിലിന്റെ നേതൃത്വത്തിലാണു 2022 ഏപ്രിലിൽ ഇൻക്ലൂസീവ് ഓർഗ് ഫൗണ്ടേഷൻ സ്ഥാപിച്ചത്.
ടിസിഎസ് റിസർച്ച് വിഭാഗം മേധാവി റോബിൻ ടോമിയും ഇതിനോടു കൈകോർത്തു. ഫെഡറൽ ബാങ്ക്, കൊച്ചി കപ്പൽശാല തുടങ്ങിയ സ്ഥാപനങ്ങളും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള നവസംരംഭത്തിൽ പങ്കാളികളാണ്.