നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ അവധിയിൽ തുടരും
Tuesday, December 3, 2024 1:49 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഒരാഴ്ച കൂടി അവധിയിൽ തുടരും.
കോന്നി താഹസിൽദാറായിരുന്ന മഞ്ജുഷ തുടർന്നും ആ തസ്തികയിൽ തുടരാൻ താൽപര്യമില്ലെന്ന് കാണിച്ച് റവന്യു വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് വൈകിയ സാഹചര്യത്തിലാണ് ഒരാഴ്ചകൂടി അവധിയിൽ തുടരാൻ മഞ്ജുഷ തീരുമാനിച്ചത്.
കഴിഞ്ഞ ഒക്ടോബർ 15 മുതൽ മഞ്ജുഷ അവധിയിലാണ്. ഇന്നലെവരെയായിരുന്നു ആദ്യം അവധിയെടുത്തിരുന്നത്.
തഹസിൽദാരുടെ ഔദ്യോഗികചുമതലകളിൽനിന്ന് മാറ്റണമെന്നും സമാന തസ്തികയിൽ പത്തനംതിട്ട കളക്ടറേറ്റിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ട് മഞ്ജുഷ ഒരു മാസം മുന്പ് റവന്യു വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
നവീൻ ബാബുവിന്റെ മരണശേഷം താഹസിൽദാറായി തുടരാനുള്ള മാനസികാവസ്ഥയിലല്ലെന്ന് മഞ്ജുഷ ബന്ധപ്പെട്ട വകുപ്പിനെയും അധികാരികളെയും അറിയിച്ചിരുന്നു. പുതിയ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് രണ്ടുദിവസത്തിനകം ഇറങ്ങിയേക്കുമെന്നാണ് സൂചന.