കന്യകയായ മാതാവ്
Wednesday, December 4, 2024 1:51 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവിൽ
ഈശോയുടെ അമ്മയായ മറിയം കന്യകാത്വം നിലനിർത്തിക്കൊണ്ട് ഗർഭം ധരിക്കുകയും കന്യകാത്വം നിലനിർത്തിക്കൊണ്ടുതന്നെ പ്രസവിക്കുകയും ചെയ്തു എന്നത് സാധാരണ ബുദ്ധിക്കും യുക്തിക്കും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെതന്നെ ‘ദൈവത്തിന്റെ അമ്മ’ എന്ന ദൈവശാസ്ത്ര-സാങ്കേതിക പദവും വിശ്വാസികൾക്കുപോലും മനസിലാക്കാൻ ബുദ്ധിമുട്ടുള്ള വിശ്വാസ സത്യമാണ്.
ശാസ്ത്രീയ തത്വങ്ങളും യാഥാർഥ്യങ്ങളും ദൈവശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും യുക്തികൊണ്ടും പഠനരീതികൾകൊണ്ടും വിശകലനം ചെയ്യാനോ വിശദീകരിക്കാനോ സാധാരണഗതിയിൽ സാധ്യമല്ലാത്തതുപോലെ, ശാസ്ത്രീയ പഠനരീതികൾകൊണ്ടും യുക്തികൊണ്ടും മാത്രം വിശ്വാസ സത്യങ്ങളെയും ദൈവിക യാഥാർഥ്യങ്ങളെയും വിശകലനം ചെയ്യാനോ മനസിലാക്കാനോ സാധ്യമല്ല. ശാസ്ത്രവും വിശ്വാസവും പരസ്പര പൂരകങ്ങളായ യാഥാർഥ്യങ്ങളാണെങ്കിലും രണ്ടിനും ഒരേ യുക്തിയോ പഠനരീതിയോ അല്ല ഉള്ളത്. വിശ്വാസത്തിന്റെ മാനദണ്ഡങ്ങളും യുക്തിയും വിശ്വാസത്തിൽ അധിഷ്ഠിതമാണ്. കാണപ്പെടാത്തവ ഉണ്ട് എന്നും പ്രത്യാശിക്കുന്നവ ലഭിക്കും എന്നുമുള്ള ഉറപ്പും ബോധ്യവുമാണ് വിശ്വാസം. “കണ്ടാലേ വിശ്വസിക്കൂ”എന്നു പറയുന്നതും കാണാത്തതിന് തെളിവ് അന്വേഷിക്കുന്നതും വിശ്വാസത്തിന്റെ രീതിയല്ല.
വിശ്വാസത്തിന്റെ യുക്തിയിലും രീതികളിലും അഗ്രാഹ്യമായ രഹസ്യാത്മകതയ്ക്ക് വലിയ സ്ഥാനവും പ്രാധാന്യവുമുണ്ട്. അപരിമിതമായ ദൈവിക യാഥാർഥ്യങ്ങൾ മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ടും യുക്തികൊണ്ടും ഭാഷകൊണ്ടും മനസിലാക്കാനും വിശദീകരിക്കാനും ശ്രമിക്കുന്പോൾ അവയ്ക്ക് ധാരാളം പരിമിതികൾ ഉണ്ട് എന്നത് ഒരു യാഥാർഥ്യമാണ്. ഈ കാരണത്താലായിരിക്കാം വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്, “കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ’’ എന്ന്. ചിലപ്പോഴെങ്കിലും ശാസ്ത്രലോകത്തുപോലും സ്വാഭാവിക നിയമങ്ങൾക്കും പ്രകൃതിനിയമങ്ങൾക്കും അപവാദങ്ങൾ കാണാൻ കഴിയും.
എന്തുകൊണ്ട് അത്തരം അപൂർവങ്ങളും അസ്വാഭാവികങ്ങളുമായ കാര്യങ്ങൾ സംഭവിച്ചു എന്നത് വ്യക്തമായി വിശദീകരിക്കുക പ്രയാസമാണ്. ഈ യാഥാർഥ്യങ്ങൾ മനസിലാക്കാനുള്ള തുറവിയും ബുദ്ധിയും ഉള്ളതുകൊണ്ടാണ് വിശ്വാസികൾക്കിടയിൽ ശാസ്ത്രബോധമുള്ളവരും ശാസ്ത്രരംഗത്ത് വിശ്വാസികളും ഉള്ളത്. ശാസ്ത്രീയമായി മനസിലാക്കാൻ പറ്റാത്ത അപവാദങ്ങളെ ഒരു അസാധാരണ പ്രതിഭാസമായി പരസ്പരം അംഗീകരിക്കുന്പോഴാണ് വിശ്വാസ യാഥാർഥ്യങ്ങളും ശാസ്ത്ര യാഥാർഥ്യങ്ങളും പരസ്പര പൂരകങ്ങളും സഹകാരികളുമായി മുന്നേറുന്നത്.
‘കന്യകയായ മാതാവ്’ എന്ന വിശ്വാസ യാഥാർഥ്യം ഒരു അസാധാരണമായ പ്രതിഭാസമാണ്.ശാസ്ത്രത്തിന്റെ യുക്തികൊണ്ടും രീതിശാസ്ത്രം ഉപയോഗിച്ചും ഈ യാഥാർഥ്യം മനസിലാക്കുക പ്രയാസമാണ്. എന്നാൽ ഒരു വിശ്വാസിക്ക് ഈശോയുടെ അമ്മയായ മറിയം പരിശുദ്ധ റൂഹായാൽ ഗർഭവതിയായി എന്നു വിശ്വസിക്കാനും മനസിലാക്കാനും ഒരു ബുദ്ധിമുട്ടുമില്ല. കാരണം ഒരു വിശ്വാസിക്ക് ഉറച്ച ബോധ്യമുണ്ട്, സർവശക്തനായ ദൈവത്തിന് എന്തും ചെയ്യാൻ സാധിക്കുമെന്നും ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1:37) എന്നും.
ഒരു അസാധാരണ പ്രതിഭാസം ഒരു യാഥാർഥ്യമായിരിക്കേ അതിനെ ശാസ്ത്രീയമായി നിർവചിക്കാൻ സാധിക്കാതെവരുന്പോൾ അത് ഒരു അദ്ഭുതമായോ ശാസ്ത്രതത്വങ്ങൾക്ക് അപ്പുറമുള്ള യാഥാർഥ്യമായോ കണക്കാക്കപ്പെടുന്നു. ഈശോമിശിഹായുടെ മരിച്ചവരിൽനിന്നുള്ള ഉയിർപ്പിനെ ചരിത്രാതീത യാഥാർഥ്യമായി കണക്കാക്കുന്നതുപോലെതന്നെ.
എന്തുകൊണ്ടാണ് ആദ്യ നൂറ്റാണ്ടു മുതലേ കത്തോലിക്ക-ഓർത്തഡോക്സ് സഭകൾ പരിശുദ്ധ കന്യകാമാതാവിനെ ‘നിത്യകന്യക’ എന്നു വിളിക്കുന്നത് എന്നതു പ്രസക്തമായ ചോദ്യമാണ്.
ഒന്നാമതായി, പിതാവായ ദൈവത്തിൽനിന്ന് അനാദിയിലേ ജനിച്ച ദൈവപുത്രനായ ഈശോ, പുരുഷ സംസർഗം കൂടാതെയാണ് ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചത് എന്നു പറയാതെ പറയുന്ന ശക്തമായ സാങ്കേതിക പദമാണ് ‘നിത്യകന്യക’ അഥവാ ‘കന്യകാമാതാവ്’.
വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് മറിയം പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി എന്നാണ് (ലൂക്കാ 1: 35, മത്തായി 1:20). വിശുദ്ധ യൗസേപ്പ് പിതാവ് മറിയത്തിന്റെ നിയമപരമായ ഭർത്താവാണെങ്കിലും ഈശോമിശിഹായുടെ ശാരീരിക പിതാവല്ല. വളർത്തുപിതാവാണ്. ഈ കാരണത്താൽതന്നെയാണ് മറിയം തന്നോടൊത്ത് സഹവസിക്കുന്നതിനു മുന്പ് ഗർഭവതിയായി എന്ന് അറിഞ്ഞപ്പോൾ അവളെ ഉപേക്ഷിക്കാൻ യൗസേപ്പ് പിതാവ് തീരുമാനിച്ചത്. എന്നാൽ പിന്നീട് മാലാഖ യൗസേപ്പിന്റെ സംശയം മാറ്റിക്കൊടുക്കുന്നതായും മറിയത്തെ ഭാര്യയായി ഭവനത്തിൽ സ്വീകരിക്കുന്നതായും ബൈബിളിൽ നാം വായിക്കുന്നു.
അനാദിയിലേ ദൈവത്തിൽനിന്നു ജനിച്ചവനായ, ദൈവപുത്രനായ ഈശോമിശിഹാ എങ്ങനെ പരിശുദ്ധാത്മാവിനാൽ മറിയത്തിന്റെ ഉദരത്തിൽ വന്ന് വസിച്ചു എന്ന് കൃത്യമായി അറിയാവുന്ന ഏക മനുഷ്യവ്യക്തി മറിയം മാത്രമാണ്! എഫേസൂസിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായോടൊപ്പം താമസിച്ചിരുന്ന മറിയത്തോട് നേരിട്ട് ചോദിച്ചറിഞ്ഞാണ് സുവിശേഷകൻ തന്റെ സുവിശേഷത്തിൽ ഈ സംഭവങ്ങൾ രേഖപ്പെടുത്തിയത് എന്ന് ചില സഭാപിതാക്കന്മാർ അഭിപ്രായപ്പെടുന്നു.