വെയിലിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും ഷെയിൻ എല്ലാ ധാരണകളും തെറ്റിച്ചു ഷൂട്ടിംഗിന് എത്താതിരിക്കുക പതിവാക്കി. വന്നാൽതന്നെ ആരോടും പറയാതെ സെറ്റിൽനിന്ന് ഇറങ്ങിപ്പോകും. ഇതിനിടയിൽ തലയിലെ മുടി മുറിച്ചും താടി വടിച്ചും കൊണ്ടുള്ള ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. ഇതോടെ കഥാപാത്രത്തിന്റെ തുടർച്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്.
രണ്ടു വർഷം മുന്പ് 10 ലക്ഷം രൂപയ്ക്കാണ് ഷെയിൻ നിഗം ഉല്ലാസം എന്ന സിനിമയിൽ അഭിനയിക്കാൻ തയാറായത്. എന്നാൽ ഇന്ന് 25 ലക്ഷമാണ് ചിത്രത്തിൽ അഭിനയിക്കാൻ ഷെയിൻ ആവശ്യപ്പെടുന്നത്. പറഞ്ഞ പണം നൽകി ചിത്രീകരണം പൂർത്തിയായി കഴിഞ്ഞപ്പോൾ തന്റെ പ്രതിഫലം 45 ലക്ഷം ആയെന്നും പടം ഡബ്ബു ചെയ്യണമെങ്കിൽ ബാക്കി പണം വേണമെന്നുമാണ് താരം പറയുന്നത്.
ഇത്തരം അച്ചടക്കമില്ലായ്മ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മലയാളത്തിൽ മാത്രമല്ല തങ്ങളുടെ സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും ഷെയിൻ നിഗമിന് അഭിനിയിക്കാൻ കഴിയില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
എന്റെ ഭാഗം കേട്ടില്ല: ഷെയ്ൻ നിഗം കൊച്ചി: സിനിമാ നിർമാതാക്കൾ എന്റെ ഭാഗം കേൾക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് അംഗീകരിക്കില്ലെന്നു നടൻ ഷെയിൻ നിഗം. അറിയിപ്പ് കിട്ടിയശേഷം വിശദമായി പ്രതികരിക്കുമെന്നും ഷെയിൻ നിഗം അറിയിച്ചു.