നിയമന നിരോധനം പിൻവലിച്ചു
Wednesday, March 26, 2025 2:44 AM IST
തിരുവനന്തപുരം: പ്രതിഷേധം വ്യാപകമായതിനു പിന്നാലെ ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ പിഎസ്സി നിയമനനിരോധനം ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് സർക്കാർ.
ഓഫീസ് അറ്റൻഡന്റ്, ടെപ്പിസ്റ്റ് തസ്തികളിലെ പിഎസ്സി നിയമനനിരോധനം പിൻവലിക്കുന്ന ധന ദൃഢീകരണ ഉത്തരവിലെ ഭാഗം ഭേദഗതി ചെയ്ത് ധനവകുപ്പ് ഇന്നലെ പുതുക്കിയ ഉത്തരവിറക്കി.
ചെലവുചുരുക്കലിന്റെ ഭാഗമായി ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിൽ പിഎസ്സി നിയമന നിരോധനം ഏർപ്പെടുത്തുകയും ആവശ്യമെങ്കിൽ കരാർ നിയമനം നടത്താമെന്നു നിർദേശിക്കുകയും ചെയ്ത ഉത്തരവ് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന് സർവീസ്-യുവജന സംഘടനകൾ സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള പ്രതിഷേധസമരങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് നിയമന നിരോധന ഉത്തരവ് സർക്കാർ പിൻവലിച്ചത്.
എന്നാൽ, ഡ്രൈവർ തസ്തികയിലെ നിയമന നിരോധനം തുടരുമെന്നാണ് പുതുക്കിയ ഉത്തരവിലും വ്യക്തമാകുന്നതെന്നും ഇതിനാൽ ഭാഗികമായിട്ടു മാത്രമാണ് ഉത്തരവ് തിരുത്തിയതെന്നുമാണ് സർവീസ് സംഘടനാ നേതാക്കൾ പറയുന്നത്.
ഡ്രൈവർ തസ്തികയിലെ നിയമന നിരോധനവും പിൻവലിക്കണമെന്നാണ് ആവശ്യം. സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിനു പിന്നാലെയാണ് ചെലവുചുരുക്കലിന്റെ ഭാഗമായി നിയമന നിരോധനം ഏർപ്പെടുത്തി ധനവകുപ്പ് രഹസ്യവിഭാഗം ഉത്തരവിറക്കിയത്. ഓഫീസ് അറ്റൻഡന്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞ സാഹചര്യത്തിലാണ് സ്ഥിരം നിയമനം ഒഴിവാക്കി കരാർ അടിസ്ഥാനത്തിൽ മാത്രമേ ഒഴിവുകൾ നികത്താവൂ എന്ന വിവാദ ഉത്തരവിറക്കിയത്.
ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയ ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞ സാഹചര്യത്തിൽ അനിവാര്യമായ തസ്തികകളുടെ എണ്ണം വകുപ്പ് മേധാവികൾ കണക്കാക്കേണ്ടതാണെന്നും അധികമായി കണ്ടെത്തുന്ന തസ്തികകൾക്കു പകരം ആവശ്യമെങ്കിൽ സർക്കാരിന് യാതൊരു അധിക സാന്പത്തികബാധ്യതയും വരാത്ത രീതിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ ഭരണവകുപ്പ് പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്.
ചെലവുചുരുക്കലിന്റെ ഭാഗമായി ഈ തസ്തികകളിലേക്ക് പിഎസ്സി വഴി നിയമനം നടത്തേണ്ടതില്ലെന്നും ആവശ്യമെങ്കിൽ കരാർ നിയമനം നടത്താനുമായിരുന്നു നിർദേശം. ഈ ഭാഗമാണ് ഒഴിവാക്കി പുതിയ ഉത്തരവിറക്കിയത്.