പൊതുജനാരോഗ്യ മേഖല അപകടകരമായ അവസ്ഥയിൽ; പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
Tuesday, March 25, 2025 1:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല അപകടകരമായ അവസ്ഥയിലാണെന്നും പകർച്ച വ്യാധികൾ പിടിമുറുക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമവും ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയുമാണു നേരിടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആരോഗ്യമേഖലയെക്കുറിച്ച് സർക്കാർ പറയുന്ന നേട്ടങ്ങളെല്ലാം വർഷങ്ങൾക്കു മുൻപു തന്നെ നേടിയെടുത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജലജന്യ, ഭക്ഷ്യജന്യ രോഗം വർധിക്കുകയാണ്. സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ല.
ആരോഗ്യ വകുപ്പിന്റെ 300 കോടിയുടെ പദ്ധതി ധനവകുപ്പ് വെട്ടിക്കുറച്ചു. മരുന്നുക്ഷാമം സംസ്ഥാനത്ത് അതിരൂക്ഷമാണ്. മാർച്ചിലാണ് മരുന്നിന് ഓഡർ നൽകേണ്ടത്. ഇതുവരെ ഇൻസ്പെക്ഷൻ പോലും നടന്നില്ല. കുടിശിക ലഭിക്കാത്തതിനാൽ പ്രധാന മരുന്നു കന്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ല.
938 കോടി രൂപ നൽകാനുള്ളതിൽ 506 കോടി മാത്രമാണ് നൽകിയത്. കാരുണ്യ ഇൻഷ്വറൻസിൽ സർക്കാർ ആശുപത്രികൾക്ക് 1200 കോടിയും സ്വകാര്യ ആശുപത്രികൾക്ക് 350 കോടി രൂപയും നൽകാനുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം പേർ കോവിഡുമൂലം മരിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.
ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിച്ച് കേരളത്തിലെ ആരോഗ്യമേഖലയെ താഴ്ത്തിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ മന്ത്രി എം.ബി രാജേഷും ആരോപിച്ചു. സംസ്ഥാനത്തെ 1870 ആശുപത്രികളിൽ ഒരിടത്തും മരുന്ന് ക്ഷാമമില്ല. കെഎംഎസ്സിഎൽ വഴി 853 അവശ്യമരുന്നുകൾ വിതരണം ചെയ്യുന്നു.
കേരളം അപൂർവ രോഗങ്ങളുടെ സംസ്ഥാനമായി മാറുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് പറഞ്ഞു. കാരുണ്യ ഇൻഷ്വറൻസിന്റെ 350 കോടി രൂപ സ്വകാര്യ ആശുപത്രികൾക്ക് നൽകേണ്ടതിനാൽ അവർ രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.