കൊരട്ടി മേഖലയിൽ ബസ്ബേ വേണമെന്ന ആവശ്യം ശക്തം
1532424
Thursday, March 13, 2025 1:54 AM IST
കൊരട്ടി: ദേശീയപാത വികസനം നടക്കുന്ന കൊരട്ടിയിലും മുരിങ്ങൂരിലും ചിറങ്ങരയിലും ബസ് ബേ വേണമെന്ന ആവശ്യം ശക്തമാകുന്നു.
യാത്രക്കാരെ ഇറക്കാൻ പ്രധാനപാതയിൽ വാഹനങ്ങൾ അപ്രതീക്ഷിതമായി നിർത്തുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്ന പശ്ചാത്തലത്തിലാണ് നിലവിലെ ദേശീയ പാത വികസനത്തിൽ ബസ് ബേ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്.
ഇപ്പോൾ നടക്കുന്ന പുതിയ നിർമാണ പ്രവർത്തനങ്ങളിലും ബസ്ബേകൾ ഇല്ലാത്ത ഹൈവേകളാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. പ്രധാന ജംഗ്ഷനുകളിലെങ്കിലും ബസ് ബേ അനിവാര്യമാണ്. ഇതിന്റെ അഭാവംമൂലം പ്രധാന റോഡിൽ തന്നെ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും ബസുകൾ നിറുത്തുമ്പോൾ പിറകിൽ വരുന്ന വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിടുവാൻ നിർബന്ധിതരാവുകയാണ്.
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടലുകൾ ഇല്ലാത്തതാണ് ഇത്തരം ദുരസ്ഥയ്ക്ക് കാരണമാകുന്നത്. അപകടരഹിത യാത്രകൾക്കൊപ്പം ജനങ്ങളുടെ സ്വച്ഛ സഞ്ചാരം സാധ്യമാക്കുന്നതിനും ദേശീയ പാതയിലെ പ്രധാന ജംഗ്ഷനുകളോടു ചേർന്ന് ബസ് ബേ ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.