നിക്ഷേപത്തുക കിട്ടാൻ വീണ്ടും ഒറ്റയാള്സമരവുമായി ജോഷി
1532413
Thursday, March 13, 2025 1:54 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാന്‍ ബാങ്കിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധം. മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി(55)യാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെ തന്റെ ബന്ധുക്കളുടെ പേരിലുള്ള സ്ഥിരനിക്ഷേപത്തുക മടക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ മാപ്രാണം ബ്രാഞ്ച് ഓഫീസിലെത്തിയത്.
തുക തിരികെനല്കാമെന്നു കഴിഞ്ഞ പത്തുദിവസമായി പറയുന്നുണ്ടെങ്കിലും പണം ലഭിച്ചിരുന്നില്ലെന്നും ഇതേത്തുടര്‍ന്നാണ് പ്രതിഷേധവുമായി എത്തിയതെയന്നും ജോഷി പറഞ്ഞു. ബാങ്കിന്റെ ഓഫീസ് സമയം അവസാനിക്കുകയാണെന്നും ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടെങ്കിലും ജോഷി തയാറായില്ല.
സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ആല്‍ബി തോമസ് വര്‍ക്കി, ക്ലീറ്റസ് എന്നിവരുടെ നേതൃത്വത്തില്‍ ബാങ്ക് അധികൃതരുമായി ചര്‍ച്ചനടത്തി. ഭാര്യയുടെ പേരിലുള്ള നിക്ഷേപത്തുകയില്നിന്നും അഞ്ചുലക്ഷം രൂപ വ്യാഴാഴ്ച നല്‍കാമെന്നും ഭാര്യാമാതാവിന്റെ പേരിലുള്ള തുക ഘട്ടംഘട്ടമായി തിരിച്ചുനല്‍കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് രാത്രി ഏഴരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.