തൊഴിലാളിപ്രശ്നങ്ങൾക്കു പരിഹാരം കാണാതെ കേന്ദ്രമന്ത്രി ഒളിച്ചോടുന്നു: കെ.പി. രാജേന്ദ്രൻ
1531802
Tuesday, March 11, 2025 1:30 AM IST
തൃശൂർ: തൊഴിലാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി താൻ നിർവഹിക്കേണ്ടതായ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ കുറ്റപ്പെടുത്തി. ട്രേഡ് യൂണിയനുകൾ സമർപ്പിച്ച ആവശ്യങ്ങളെക്കുറിച്ച് ചർച്ച നടത്തണമെന്നും തൊഴിലാളികളുമായി ചർച്ച നടത്താൻ ബന്ധപ്പെട്ട മന്ത്രിമാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐടിയുസി നൽകിയ നിവേദനം സംബന്ധിച്ച് ചർച്ചചെയ്യാൻ തയാറാകാത്ത സംസ്ഥാനമന്ത്രിയുടെ നിലപാടിലും അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.
തൃശൂർ ബിഎസ്എൻഎൽ ഓഫീസ് പരിസരത്തു നടന്ന ആശ, അങ്കണവാടി ജീവനക്കാരുടെ ധർണ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.പി. രാജേന്ദ്രൻ. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ നേതാവ് അജിത വിജയൻ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ലളിത ചന്ദ്രശേഖരൻ,സാറാമ്മ റോബ്സണ്, ഷീജ ബഷീർ, ജെയിംസ് റാഫേൽ, പി.ഡി. റെജി, വി.ആർ. മനോജ്, കെ.കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.