വിജ്ഞാനവും വിനയവുമുള്ള തലമുറയെ വാർത്തെടുക്കാനാകണം: ഡോ. രാജു നാരായണസ്വാമി
1532427
Thursday, March 13, 2025 1:54 AM IST
കൊരട്ടി: മൂല്യമാധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ വിജ്ഞാനവും വിനയവുമുള്ള തലമുറയെ വാർത്തെടുക്കാനാകണമെന്ന് സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി അഭിപ്രായപ്പെട്ടു. കൊരട്ടി പൊങ്ങം നൈപുണ്യ കോളജിൽ നടന്ന കോളജ് ഡേ ക്രിയാരിസ് - 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നൈപുണ്യ ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.പി.എം. ജേക്കബ് അധ്യക്ഷത വഹിച്ചു.
നൈപുണ്യ കോളജിന്റെ റിസർച്ച് ജേർണലായ നൈവിഗ്യാന്റെയും ജേർണലിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെയും പ്രകാശനവും ചടങ്ങിൽ വച്ചു നടന്നു. കോളജിലെ അധ്യാപികമാരായ ഡോ. ജീന ആന്റണി, അഖില തോമസ് എന്നിവർ ചേർന്നു രചിച്ച പുസ്തകപ്രകാശനം ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോയ് ജോസഫ് പുതുശേേരി നിർവഹിച്ചു. സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും ആദരിച്ചു.
പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരവും വിവിധ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ടോണി മാണിക്കത്താൻ, പിടിഎ പ്രതിനിധി ജോമോൻ പുതുവ, വിദ്യാർഥി പ്രതിനിധികളായ ഹന്ന, മനു പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.