വാഹനാപകടങ്ങളിൽ നാലുപേർക്കു പരിക്ക്
1531806
Tuesday, March 11, 2025 1:30 AM IST
എരുമപ്പെട്ടി: വിവിധ പ്രദേശങ്ങളിലുണ്ടായ അപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു.
കടങ്ങോട് ഖാദർപ്പടിയിൽ ബസിനെ മറികടക്കുന്നതിനിടയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു. തിപ്പല്ലൂർ സ്വദേശികളായ തിപ്പല്ലൂർവീട്ടിൽ ജിജിൻ(24), കൂളിയാട്ടിൽ വൈശാഖ്(24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 5.30യോടെ ഖാദർപ്പടി സെന്ററിൽവച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടുപേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരുമപ്പെട്ടി മങ്ങാട് സെന്ററിനുസമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരന് കാറിടിച്ച് പരിക്കേറ്റു. പുതുരുത്തി സ്വദേശി ശങ്കരൻ(65) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ ശങ്കരനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അത്താണി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യാത്രികന് തലയ്ക്ക് പരിക്കേറ്റു. തളി സ്വദേശി റഫീഖിനാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽവച്ച് ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്.
വടക്കാഞ്ചേരി ഭാഗത്തും വരികയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കാഞ്ഞിരക്കോട് ഷാപ്പുംപടി സ്റ്റോപ്പിനും കുണ്ടന്നൂർ ചുങ്കം സെന്ററിനും ഇടയിൽ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരന്റെ തലയ്ക്ക് മുറിവേറ്റു.
പരിക്കേറ്റ റഫീഖിനെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.