ചിറങ്ങരയിൽ പുതുതായി നിർമിച്ച കാന ഇടിഞ്ഞുവീണു
1532117
Wednesday, March 12, 2025 2:09 AM IST
കൊരട്ടി: ആധുനികം എന്നവകാശപ്പെടുന്ന ദേശീയപാതയിലെ നിർമാണപ്രവൃത്തികൾക്ക് അല്പായുസ്. ചിറങ്ങരയിൽ നിർമിക്കുകയും പൊളിക്കുകയും വീണ്ടും നിർമിക്കുകയും ചെയ്ത കാനയുടെ സ്ലാബ് ഇന്നലെ തകർന്നുവീണു.
കാനകൾക്കായുള്ള കോൺക്രീറ്റ് മിശ്രിതത്തിലെ അപാകതയും നനയ്ക്കുന്നതിൽ വന്ന വീഴ്ചയുമാണ് ചെറിയ ഭാരവണ്ടികൾ കയറിയിറങ്ങിയപ്പോൾ കാന ഇടിഞ്ഞുപോകാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. ടോറസ് പോലുള്ള ഭാരവണ്ടികൾ കയറിയാലും പുതിയ കാനകൾക്ക് കേടുപാടുകൾ സംഭവിക്കില്ലെന്നതാണ് കരാർ കമ്പനിയുടെ അവകാശവാദം.
സിമന്റ്, മെറ്റൽ, കമ്പി എന്നിവ ശരിയായ അനുപാതത്തിൽ ഇല്ലാതിരുന്നതും കനത്ത ചൂടിൽ സ്ലാബുകൾ നനയ്ക്കാതിരുന്നതും കാരണമായി. പലയിടങ്ങളിലെ സ്ലാബുകൾ വീണ്ടുകീറിയ നിലയിലാണ്. ഹൈവേ അഥോറിറ്റിയുടെ കൃത്യമായ മേൽനോട്ടമില്ലെന്ന ആക്ഷേപവും ശക്തമാണ്. അടിപ്പാതകളുടെ നിർമാണംനടക്കുന്ന ഇടങ്ങളിലാണ് നിലവിൽ സർവീസ് റോഡുകൾ നിർമിക്കുന്നത്.
കാന അടക്കം 6.25 മീറ്ററാണ് സർവീസ് റോഡിന്റെ വീതി. പ്രധാനപാതയിൽ നിർമാണം നടക്കുന്നതുമൂലമാണ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത്. കാന ഉൾപ്പെടുന്ന സർവീസ് റോഡിലൂടെ ടൺ കണക്കിനു ഭാരമുള്ള വണ്ടികൾ കയറിയിറങ്ങിയാലും കുഴപ്പം സംഭവിക്കില്ലെന്ന എൻഎച്ച്എഐ വാദമാണ് ഇന്നലെ പൊളിഞ്ഞത്.
ദേശീയപാതയ്ക്ക് 45 മീറ്റർ വീതിയാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. ഇരുഭാഗങ്ങളിലുള്ള ഡ്രെയിനേജുകളുടെ പുറംഭിത്തികൾ തമ്മിലുള്ള അകലം 41.390 മീറ്ററും പുറംഭിത്തിക്ക് അപ്പുറം ഇരുഭാഗത്തും രണ്ടുമീറ്റർ വീതി യൂട്ടിലിറ്റി കോറിഡോറും സ്കച്ചിൽ പറയുന്നുണ്ട്. എന്നാൽ മിക്ക ഇടങ്ങളിലും യൂട്ടിലിറ്റി കോറിഡോറിന് സ്ഥലമില്ലെന്നതാണ് യാഥാർഥ്യം.