തുടർഭരണമെന്നതു സിപിഎമ്മിന്റെ മോഹംമാത്രം: സന്ദീപ് വാര്യർ
1531803
Tuesday, March 11, 2025 1:30 AM IST
എരുമപ്പെട്ടി: പിണറായി സർക്കാരിന് തുടർഭരണമുണ്ടാകുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം വ്യാമോഹംമാത്രമാണെന്നും ഇടതുഭരണത്തിൽ പൊറുതിമുട്ടിയ ജനം ഇവരെ ആട്ടിയകറ്റാൻ തെരഞ്ഞെടുപ്പ് കാത്തിരിക്കുകയാണെന്നും കെപിസിസി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു.
പന്നിത്തടം പ്രിയദർശിനി ക്ലബ് സംഘടിപ്പിച്ച സാന്ത്വനസ്പർശം പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹഭരണം നടത്തുന്നതിൽ കേന്ദ്ര - കേരള സർക്കാരുകൾ ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ചെയ്യാത്ത കാര്യങ്ങൾ ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ കോടികൾ മുടക്കിയുള്ള പ്രചരണങ്ങൾ മാത്രമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നത്. കേരളത്തിലെ വ്യവസായങ്ങൾ പൂട്ടിച്ചവരാണ് നിക്ഷേപംസ്വീകരിക്കുന്നവരാണെന്ന് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. പത്തുപേർക്ക് തൊഴിൽനൽകാൻ കഴിയുന്ന വ്യവസായങ്ങൾക്ക് രൂപംനൽകാൻ കഴിയാത്ത ഈ സർക്കാർ പ്രവാസികൾ തുടങ്ങിയ ഹോട്ടലുകൾ ഉൾപ്പടെയാണ് നേട്ടമായി പറയുന്നത്.
പൊതു പ്രവർത്തനത്തിലും ഭരണനേട്ടത്തിലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മഹനീയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷനായി.
കെപിസിസി മെമ്പർ ജോസഫ് ചാലിശേരി, സാമൂഹികപ്രവർത്തകൻ കരീം പന്നിത്തടം, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, യാവുട്ടി ചിറമനേങ്ങാട്, കണ്ണൻ നമ്പ്യാർ, കെ. ജയശങ്കർ, കെ.സി. ഹംസ, സലാം വലിയകത്ത്, രഞ്ജു താരു തുടങ്ങിയവർ സംസാരിച്ചു.
ആർജി കോഡിനേറ്റർ റഫീക്ക് ഐനിക്കുന്നത്ത് സന്ദീപ് വാര്യർക്ക് സ്നേഹാദരംനൽകി. റിപബ്ലിക് പരേഡിൽ പങ്കെടുത്ത പി.എസ്. ഐശ്വര്യ, യുവഡോക്ടർമാരായ വാഹിദ സിദ്ധിക്ക്, വാഹാദ് സിദ്ധിക്ക്, റഷീദ്, റോഷിത്ത് ഉസ്മാൻ എന്നിവരേയും ആശാവർക്കർമാരേയും ചെണ്ട നിർമാണത്തൊഴിലാളികളേയും ചടങ്ങിൽ ആദരിച്ചു.
ക്ലബുകൾക്ക് സ്പോർട്സ് കിറ്റും നിർധനകുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും വിതരണംചെയ്തു.