സർക്കാർ ഫണ്ട് കിട്ടിയില്ല, നിലതെറ്റി തൃശൂർ മാനസികാരോഗ്യകേന്ദ്രം
1532410
Thursday, March 13, 2025 1:54 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മാസങ്ങളായി സർക്കാർ ഫണ്ട് ലഭിക്കാതെ ദൈനംദിന നടത്തിപ്പ് താറുമാറായി തൃശൂർ മാനസികാരോഗ്യകേന്ദ്രം.
വൈദ്യുതി, ഭക്ഷണം, വെള്ളം കുടിശിക ലക്ഷങ്ങൾ കടന്നതോടെ മാനസികാരോഗ്യകേന്ദ്രം നടത്തിപ്പ് പ്രതിസന്ധിയിലാണ്. എട്ടുമാസമായി വൈദ്യുതി ചാർജ് അടച്ചിട്ടില്ല. എട്ടുലക്ഷമാണു കുടിശിക. ഒരോമാസവും ഒരുലക്ഷം രൂപ വൈദ്യുതി ചാർജ് വരാറുണ്ട്. അന്തേവാസികൾക്കു ഭക്ഷണം നൽകുന്നതിൽ 18 ലക്ഷവും വെള്ളക്കരം 5.5 ലക്ഷം രൂപയും കുടിശികയാണ്. നിലവിലുള്ള 200 അന്തേവാസികൾക്കായി ഭക്ഷണയിനത്തിൽ പ്രതിമാസം ഒന്പതുലക്ഷം രൂപയോളം ചെലവുവരും. ഹോർട്ടികോർപ്പ്, സപ്ലൈകോ, മിൽമ എന്നിവിടങ്ങളിൽനിന്നാണ് പച്ചക്കറി, പലചരക്ക്, പാൽ എന്നിവ വാങ്ങുന്നത്. ഇതുകൂടാതെ മരുന്നുൾപ്പടെയുള്ള ദൈനംദിനചെലവുകൾക്കും പണം ആവശ്യമാണ്.
സർക്കാരിന്റെ സാമ്പത്തികഞെരുക്കം മാനസികാരോഗ്യകേന്ദ്രം നടത്തിപ്പിനു തടസമാകരുതെന്നും കുടിശിക തീർത്ത് പ്രതിസന്ധി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ ജോൺ ഡാനിയൽ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്കി. പ്രശ്നത്തിൽ എംഎൽഎ ഇടപെട്ട് ഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ദിനംപ്രതി 250 ഓളം രോഗികളെത്തുന്ന ആശുപത്രിയിൽ വർഷങ്ങളായി കിടത്തിച്ചികിത്സ നടത്തിവരുന്നു. സേവനരംഗത്ത് 137-ാം വർഷത്തിലേക്കു പ്രവേശിക്കുന്ന ആശുപത്രിയിൽ ഇതിനുമുന്പും ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ചികിത്സ തേടിയെത്തുന്നവർക്കു ഡോക്ടറെ കണ്ടു മരുന്നുവാങ്ങി പുറത്തുകടക്കണമെങ്കിൽ ദിവസം മുഴുവൻ ചെലവഴിക്കണമെന്ന പരാതിയും നേരത്തേ ഉണ്ടായിരുന്നു. അന്തേവാസികൾ ചാടിപ്പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.