ശക്തനിൽ ബസുകളുടെ ശക്തിപ്രകടനം; ജീവൻ കൈയിൽപിടിച്ച് യാത്രക്കാർ
1532114
Wednesday, March 12, 2025 2:09 AM IST
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ ബസുകളുടെ ശക്തിപ്രകടനത്തിനിടെ ജീവൻ രക്ഷപ്പെടാതിരിക്കാൻ ദൈവംതന്നെ തുണയ്ക്കേണ്ട അവസ്ഥയാണ്. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ, ജീവനക്കാർ തമ്മിൽ കൈയേറ്റത്തോളമെത്തുന്ന വാഗ്വാദങ്ങൾ, വരിപിടിക്കാനുള്ള കുത്തിക്കയറ്റങ്ങൾ ഇതെല്ലം മുറതെറ്റാതെ അരങ്ങേറുന്ന ശക്തൻ സ്റ്റാൻഡിൽ ഇന്നലെയും ഒരു വയോധികൻ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്.
വൈകീട്ട് അഞ്ചുമണിക്കാണ് അപകടം. ബസ് തട്ടിവീണ യാത്രികന്റെ കാൽ ടയറിനടിയിൽപെട്ടു. ഗുരുതരമായി മുറിവേറ്റ് രക്തം വാർന്നൊലിച്ച് ബോധരഹിതനായിക്കിടന്ന ഇയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനോ, അടിയന്തരശുശ്രൂഷ നൽകാനോ സംവിധാനമുണ്ടായില്ല. അപകടത്തിനിടയാക്കിയ ബസിലെ ജീവനക്കാർപോലും ഉദാസീനമായ നിലപാടാണ് സ്വീകരിച്ചത്. ബസിലുണ്ടായിരുന്ന ഒരു യുവതിയാണ് മുറിവേറ്റ യാത്രക്കാരനു പ്രാഥമികശുശ്രൂഷപോലെ എന്തെങ്കിലും ചെയ്തത്. ഒടുവിൽ സ്റ്റാൻഡിലുണ്ടായ യാത്രികരിലൊരാൾ 100 ൽ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇത്രയും തിരക്കേറിയ സ്റ്റാൻഡിൽ ഡ്യൂട്ടിക്കായി ആ സമയം ഒരു പോലീസുകാരൻപോലുമുണ്ടായില്ല. പോലീസിനുവേണ്ടി ഒരു മുറിതന്നെ സ്റ്റാൻഡിലുള്ളപ്പോഴാണ് ഈ വിരോധാഭാസം.
ശക്തൻ സ്റ്റാൻഡ് നവീകരണം അടുത്തിടെയാണ് പൂർത്തിയായത്. പണി നടക്കുമ്പോൾ എല്ലാ ബസുകളും സ്റ്റാൻഡിന്റെ വടക്കുവശത്താണ് പാർക്ക് ചെയ്തിരുന്നത്. നിന്നുതിരിയാൻ സ്ഥലമില്ലാത്തവണ്ണം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ കുത്തിനിറച്ച അവസ്ഥയായിരുന്നു ദിവസങ്ങളോളം. ഇതിനിടയിലാണ് ബസുകാർ തമ്മിലുള്ള അടിപിടികളും കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും.