ആരോഗ്യമേഖലയ്ക്ക് ഉൗന്നൽ നൽകി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
1532421
Thursday, March 13, 2025 1:54 AM IST
മുതുവറ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാന്പത്തിക വർഷത്തിലെ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. എം. ഷാജു അവതരിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് ഉൗന്നൽനൽകി 24 കോടിയുടെ ബജറ്റാണ് അവതരിപ്പിച്ചത്. 24,83,41,283 രൂപ വരവും 24,24,82,580 രൂപ ചെലവും 58,58,703 രൂപ നീക്കുബാക്കിയും പ്രതീക്ഷിക്കുന്നു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, വികസനകാര്യ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജ്യോതി ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ രഞ്ജു വാസുദേവൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജെസി സാജൻ, അടാട്ട്, അവണൂർ, കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിമി അജിത്കുമാർ, തങ്കമണി ശങ്കുണ്ണി, കെ.കെ. ഉഷാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എ. സന്തോഷ്, ഷീല സുനിൽകുമാർ, പി.വി. ബിജു, ശ്രീലക്ഷ്മി സനീഷ്, അരുണ്‍ ഗോപി, ടി.ഡി. വിൽസണ്‍, വി.എസ്. ശിവരാമൻ, ആനി ജോസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി. ലേഖ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ട്
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ബജറ്റ്
പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അടുത്ത സാന്പത്തികവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 46,37,25312 രൂപ പ്രതീക്ഷിത വരവും 44,49,34000 രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അവതരിപ്പിച്ചത്. പഞ്ചായത്തിലെ അതിദരിദ്ര വിഭാഗത്തിൽപെട്ട 72 കുടുംബങ്ങളുടെ ദാരിദ്യ്രനിർമാർജനത്തിനും വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും വീട് ഒരുക്കുന്നതിനുമാണു ബജറ്റിൽ ഉൗന്നൽ നൽകുന്നതെന്ന് സാവിത്രി സദാനന്ദൻ പറഞ്ഞു. ലൈഫ് പദ്ധതിക്കുവേണ്ടി 80 സെന്റ് സ്ഥലം വാങ്ങിയതിൽ വീട് വയ്ക്കാനായി ആറു കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷി, അനുബന്ധമേഖല (രണ്ടേകാൽ കോടി), വനിതകൾക്ക് ദാരിദ്ര്യലഘൂകരണം (50 ലക്ഷം), തൊഴിലുറപ്പുപദ്ധതി (അഞ്ചു കോടി) അങ്കണവാടി, പോഷകാഹാരം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്ക് (പത്തു കോടി), പഞ്ചായത്തിന്റെ ആസ്തി വികസനം (അഞ്ച് കോടി) പുതിയ സ്ഥലവും കെട്ടിടവും നിർമ്മിക്കാൻ (70 ലക്ഷം), എൽപി സ്കൂളുകളുടെ പ്രഭാതഭക്ഷണ പരിപാടി (60 ലക്ഷം) എന്നിങ്ങനെ തുകകൾ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ബജറ്റിലുള്ള ചര്‍ച്ച നാളെ നടക്കും.